പരിശീലക കുപ്പായത്തിലേക്ക് ഉടനെ മടങ്ങിയെത്തും: സിദാൻ

വീണ്ടും പരിശീലക ചുമതലയിലേക്ക് മടങ്ങിയെത്തുന്നുവെന്ന ശക്തമായ സൂചനയുമായി സിദാൻ. റയൽ മാഡ്രിഡ് വിട്ട ശേഷം മറ്റ് ചുമതലകൾ ഒന്നും ഏറ്റെടുക്കാത്ത ഇതിഹാസ താരത്തിന്റെ മടങ്ങി വരവ് ഏത് ടീമിൽ ആവുമെന്ന് ചർച്ചകൾ ഇതോടെ വീണ്ടും ചൂടുപിടിച്ചു. പിഎസ്ജി, ഫ്രഞ്ച് നാഷണൽ ടീം എന്നിവയുമായി നേരത്തെ സിദാന്റെ പേര് ചേർത്ത് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പാരീസിലെ ഗ്രെവിൻ മ്യൂസിയത്തിൽ തന്റെ മെഴുകു പ്രതിമ അവതരണത്തിന് എത്തിയപ്പോഴാണ് തന്റെ ഭാവിയെ കുറിച്ച് സിദാൻ മാധ്യമങ്ങൾക്ക് സൂചന നൽകിയത്.

സിദാൻ 165913

“പരിശീലകനായുള്ള തന്റെ തിരിച്ചു വരവ് ഉടനെ ഉണ്ടാകും, നിങ്ങൾ കുറച്ചു കൂടി കാത്തിരിക്കൂ, അടുത്തു തന്നെ അതുണ്ടാകും. പുതിയ ചുമതല ഏറ്റെടുക്കുന്നതിൽ നിന്നും താൻ ഒട്ടും അകലെയല്ല” സിദാൻ മാധ്യമങ്ങളോടായി പറഞ്ഞു. പിഎസ്ജിക്ക് നിലവിൽ പുതിയ പരിശീലകന്റെ ആവശ്യം ഇല്ലെന്നിരിക്കെ ഫ്രഞ്ച് ദേശിയ ടീം തന്നെയാവും മുൻ മാഡ്രിഡ് കോച്ച് മടങ്ങി വരവിൽ പരിശീലിപ്പിക്കുന്ന ടീം എന്ന് തന്നെയാണ് സൂചനകൾ. ഇത്തവണ ലോകകപ്പിന് ശേഷം പത്ത് വർഷമായി ഫ്രാൻസിനെ പരിശീലിപ്പിക്കുന്ന ദെഷാമ്പ്സ് ഒഴിയുന്ന മുറക്ക് മറ്റൊരു മുൻ ഇതിഹാസ താരമായ സിദാൻ തന്നെ ടീമിന്റെ ചുമതല ഏറ്റെടുക്കും എന്നു തന്നെയാണ് കരുതേണ്ടത്.