എൽ ക്ലാസിക്കോ പുതുക്കിയ തീയ്യതി പുതിയ വിവാദത്തിൽ. റയലിന്റെ സ്പാനിഷ് താരം സെർജിയോ റാമോസാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരം ഡിസംബർ 18ന് നടക്കും. ബാഴ്സലോണയ്ക്ക് വിശ്രമത്തിനായി കൂടുതൽ സമയം ലഭിക്കുന്നു അതിനാൽ ഈ പുതുക്കിയ തീയ്യതി റയലിന് പ്രതികൂലമാണെന്നാണ് റാമോസിന്റെ വാദം.
ഒക്ടോബർ 26ന് ബാഴ്സലോണയിൽ വെച്ച് നടക്കേണ്ടിയിരുന്ന എൽ ക്ലാസികോ മത്സരം മാറ്റാൻ നേരത്തെ ലാലിഗ തീരുമാനിച്ചിരുന്നു. ബാഴ്സലോണയിൽ കാറ്റലൻ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതോടെയാണ് മത്സരം നീട്ടിവെക്കാതെ നിവൃത്തിയില്ല എന്ന അവസ്ഥയിൽ നേരത്തെ എത്തിയിരുന്നത്. ഇരു ടീമുകൾക്കും തിരക്കേറിയ ഷെഡ്യൂളിനിടെയാണ് എൽ ക്ലാസിക്കോ വരുന്നത്. ബാഴ്സക്ക് റയൽ സോസിദാദുമായുള്ള മത്സര ശേഷം 29 മണിക്കൂറോളം വിശ്രമം ലഭിക്കും. അതിനു ശേഷ്മാണ് എൽ ക്ലാസിക്കോ നടക്കുക. അതേ സമയം വലൻസിയക്കെതിരെ കളിക്കുന്ന റയലിന് ബാഴ്സയുടെ അത്രയ്ക്ക് വിശ്രമ സമയം ലഭിക്കുന്നില്ല. ഇത് റയലിന് തിരിച്ചടിയാണെന്നാണ് റാമോസ് ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ബാഴ്സയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ റയലിന് ആകുമെന്നും റാമോസ് പറഞ്ഞു.