അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി 500 മത്സരങ്ങൾ തികച്ച് സിമിയോണി

- Advertisement -

അത്ലറ്റികോ മാഡ്രിഡ് പരിശീലകനായി 500 മത്സരങ്ങൾ പൂർത്തിയാക്കി പരിശീലകൻ ഡിയേഗോ സിമിയോണി. ഇന്നലെ ഗെറ്റാഫെക്കെതിരെയുള്ള മത്സരം അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി സിമിയോണിയുടെ 500മത്തെ മത്സരമായിരുന്നു. മത്സരത്തിൽ ലൂയിസ് സുവാരസ് നേടിയ ഏക ഗോളിൽ അത്ലറ്റികോ മാഡ്രിഡ് ജയം സ്വന്തമാക്കി ലാ ലിഗയിലെ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തിയിരുന്നു.

2011ൽ പരിശീലകനായിരുന്ന ഗ്രിഗോറിയോ മൻസാനോയുടെ പകരക്കാരനായാണ് സിമിയോണി അത്ലറ്റികോ മാഡ്രിഡിൽ എത്തുന്നത്. അത്ലറ്റികോ മാഡ്രിഡിന് വേണ്ടി 7 കിരീടങ്ങളും ഈ കാലയളവിൽ നേടിക്കൊടുക്കാൻ സിമിയോണിക്കായിട്ടുണ്ട്. 2013-14 സീസണിൽ ലാ ലീഗ കിരീടവും അത്ലറ്റികോ മാഡ്രിഡിന് വേണ്ടി സിമിയോണി നേടികൊടുത്തിട്ടുണ്ട്. കൂടാതെ രണ്ട് തവണ അത്ലറ്റികോ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചെങ്കിലും റയൽ മാഡ്രിഡിനോട് രണ്ടിലും അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുകയായിരുന്നു.

അത്ലറ്റികോ മാഡ്രിഡിനെ 500 മത്സരങ്ങളിൽ പരിശീലിപ്പിച്ച രണ്ടാമത്തെ പരിശീലകൻ മാത്രമാണ് സിമിയോണി. അത്ലറ്റികോ മാഡ്രിഡിനെ 611 മത്സരങ്ങളിൽ പരിശീലിപ്പിച്ച ലസ് അരഗോണസ് ആണ് സിമിയോണിയെക്കാൾ കൂടുതൽ മത്സരങ്ങൾ അത്ലറ്റികോ മാഡ്രിഡിനെ പരിശീലിപ്പിച്ചത്. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് ലാ ലീഗയിൽ ഒന്നാമതാണ്. അതെ സമയം അത്ലറ്റികോ മാഡ്രിഡിനെക്കാൾ രണ്ട് മത്സരങ്ങൾ കൂടുതൽ കളിച്ച റയൽ മാഡ്രിഡ് 33 പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ്.

Advertisement