ഓസ്മാൻ ഡെംബലെയെ കൈമാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട. താരവുമായി വരുന്ന മാസങ്ങളിൽ തന്നെ പുതിയ കരാറിനെ കുറിച്ചു സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്പാനിഷ് റേഡിയോക്ക് നൽകിയ ആഭിമുഖത്തിൽ ലപോർട ടീമിന്റെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. “പുതുതായി താരങ്ങളെ ഇത്തവണ ടീമിലേക്ക് എത്തിക്കാൻ തങ്ങൾ ശ്രമിക്കുന്നില്ല. ഇപ്പോഴുള്ള സ്ക്വഡിൽ കോച്ച് തൃപ്തനാണ്.” ലപോർട പറഞ്ഞു. ബെർണാഡോ സിൽവയെ എതിക്കാൻ വേണ്ടി എൺപത് മില്യൺ മുടക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബാഴ്‌സലോണയുടെ സാമ്പത്തിക നില ഇപ്പോൾ ഭദ്രമാണെന്ന അദ്ദേഹം ചൂണ്ടിക്കാണിച്ചു. പക്ഷെ ലാ ലീഗ നിഷ്കർഷിക്കുന്ന വരവ് – ചെലവ് അനുപാദത്തിൽ എത്താൻ ഇനിയും ഇരുപതിയാറു മില്യൺ കണ്ടെത്തേണ്ടതുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. എന്നാൽ യൂറോപ്പ കിരീടം നേടാനും കുറച്ചു സൗഹൃദം മത്സരങ്ങൾ കളിക്കുകയും ചെയ്താൽ ഇത് മറികടക്കാമെന്നും, ജൂണോടെ ലാ ലീഗയുടെ അനുപാതത്തിൽ എത്താൻ കഴിയുമെന്നും ലപോർട പറഞ്ഞു.
“ടീമിന്റെ പ്രൗഢി തങ്ങൾ തിരിച്ചു പിടിച്ചു. ഇപ്പോൾ സ്പോൻസർമാർ വരുന്നു, ടീമുകൾ സൗഹൃദം മത്സരങ്ങൾക്ക് ക്ഷണിക്കുന്നു. ബാഴ്‌സ സ്റ്റുഡിയോസിന് വേണ്ടി മുന്നൂറ്റി ഇരുപത് മില്യൺ യൂറോയുടെ ഓഫർ കൂടി തങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ ആ പണം വേണ്ടെന്ന് വെക്കുകയാണ് തങ്ങൾ ചെയ്തത്. അടുത്ത സീസണിൽ മറ്റ് സ്റ്റേഡിയത്തിൽ കളിക്കുന്നതിനാൽ വരുമാനത്തിൽ കുറവുണ്ടാകും. അത് മറികടക്കാനും വഴികൾ തേടണം. പുനരുദ്ധാരണത്തിന് ശേഷം 2024ൽ 70% കപ്പാസിറ്റിയിൽ ക്യാമ്പ് ന്യൂ വീണ്ടും ഉപയോഗിക്കും. എസ്പായി ബാഴ്‌സ പ്രോജക്ക്റ്റ് 2026 ഓടെ പൂർത്തിയാവുകയും ചെയ്യും.” ലപോർട പറഞ്ഞു.
ഫ്രാങ്കി ഡിയോങ്, ടെർ സ്റ്റഗൻ എന്നിവരോട് വരുമാനത്തിൽ കുറവ് വരുത്താൻ നിർദ്ദേശിച്ചെന്ന വാർത്ത ലപോർട നിഷേധിച്ചു. താരങ്ങളുടെ നിലവിലെ കരാറിനെ തങ്ങൾ ബഹുമണിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡി യോങ്ങിനെ പല ക്ലബ്ബുകളും നോട്ടമിട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. സെർജിയോ ബാസ്ക്വറ്റ്സിന്റെ കരാർ അവസാനിക്കാൻ ആയെങ്കിലും കുറച്ചു കാലം കൂടി ടീമിനോടൊപ്പം തുടരുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. ഫാറ്റിയും കൈമാറ്റത്തിന് ഇല്ലെന്നും ഗവിയുടെ സീനിയർ ടീം കരാർ സീസണിന് ശേഷം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ സൂപ്പർ ലീഗിനെ കുറിച്ചും ലപോർട പറഞ്ഞു. കാര്യങ്ങൾ എല്ലാം വഴിക്ക് വന്നാൽ 2025ഓടെ ടൂർണമെന്റ് ഉണ്ടായേക്കുമെന്നും എന്നാൽ തുടക്കത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ ഉണ്ടാവിലെന്നും ലപോർട പറഞ്ഞു.
“ക്ലബ്ബുകൾ തന്നെ ആവും ടൂർണമെന്റിന്റെ ഗവേർണിങ് ബോഡി, ഇതിലേക്ക് യുവേഫയെയും തങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.” ലപോർട കൂട്ടിച്ചേർത്തു. മെസ്സി ലോകകിരീടം ആർഹിച്ചിരുന്നു എന്നും അദ്ദേഹം അവസാനമായി പറഞ്ഞു.