ഡെംബലെയെ ടീമിൽ നിലനിർത്താൻ ബാഴ്സലോണ

Nihal Basheer

ഓസ്മാൻ ഡെംബലെ പുതിയ കരാർ നൽകാനുള്ള നീക്കങ്ങളുമായി ബാഴ്‌സലോണ. താരത്തിന്റെ നിലവിലെ കരാർ 2024 ഓടെ അവസാനിക്കും. അതിനാൽ ദീർഘകാലത്തേക്കുള്ള പുതിയ കരാർ ആണ് ടീം ലക്ഷ്യമിടുന്നത്. നിലവിലെ കരാറിലെ റിലീസ് ക്ലോസ് ഫാബ്രിസിയോ റൊമാനോ പുറത്തു വിട്ടിട്ടുണ്ട്. ഇപ്പോൾ 100 മില്യൺ യൂറോ ഉള്ള റിലീസ് ക്ലോസ് ഈ വർഷം ജൂണോടെ 50 മില്യൺ യൂറോയിലേക്ക് താഴും. ഇതോടെ മറ്റു ടീമുകൾക്ക് താരത്തെ സമീപിക്കാം എന്നതിനാൽ ആണ് ബാഴ്‍സ പുതിയ കരാർ നീക്കങ്ങളുമായി ഉടനെ മുൻപോട്ട് പോവുന്നത്.

ബാഴ്സലോണ Del Fc Barcelona

സാവിക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന താരത്തിനും ടീമിൽ തുടരാൻ സമ്മതം ആയേക്കും. അതേ സമയം സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതിനാൽ പുതിയ കരാറിൽ താരത്തിന്റെ വരുമാനം എങ്ങനെ എഴുതി ചേർക്കുമെന്നത് നിർണായകമാവും. കഴിഞ്ഞ മാസങ്ങളിൽ ഇരു ഭാഗവും തമ്മിൽ ചർച്ചകൾ തുടർന്ന് പൊരുന്നതായി സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിലെ കരാറിൽ നിന്നും വരുമാനത്തിലും താരത്തിന് കാര്യമായ വർധനവ് നൽകേണ്ടി വരും. അടുത്ത സീസണിന് മുന്നോടി ആയി തന്നെ പുതിയ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്താൻ ആവും ബാഴ്‌സയുടെ നീക്കം.