കുട്ടിഞ്ഞോ ല ലീഗെയിൽ അരങ്ങേറി, ബാഴ്സക്ക് ജയം

- Advertisement -

ഫിലിപ് കുട്ടിഞ്ഞോയുടെ ല ലിഗ അരങ്ങേറ്റ മത്സരത്തിൽ ബാഴ്സലോണക്ക് ജയം. 2- 1എന്ന സ്കോറിലാണ് ബാഴ്സ അലാവസിനെ മറികടന്നത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയാണ് ബാഴ്സ ജയിച്ചു കയറിയത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിയൂമായുള്ള പോയിന്റ് വിത്യാസം 11 ആയി നിലനിർത്താൻ ബാഴ്സക്കായി. മെസ്സിയും സുവാരസുമാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്.

കുട്ടിഞ്ഞോയുടെ ല ലിഗ അരങ്ങേറ്റം പക്ഷെ പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. തുടക്കത്തിൽ പതറിയ താരം പതുക്കെ ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും മത്സര ഗതിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ ബ്രസീലുകാരനായില്ല. അലാവസ് ഗോൾ മുഖം ആക്രമിക്കുമ്പോൾ അനാവശ്യ ആവേശം കാണിച്ച ബാഴ്സ പ്രതിരോധകാരായ ഉംറ്റിറ്റിയും പികെയും അതിന് നൽകേണ്ടി വന്നത് വലിയ വിലയായിരുന്നു. മികച്ച കൗണ്ടർ അറ്റാക്കിങ്ങിൽ 23 ആം മിനുട്ടിൽ ഗൈഡിട്ടി അലാവാസിനെ മുന്നിലെത്തിച്ചു. പിന്നീട് ബാഴ്സ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിചെങ്കിലും ആദ്യ പകുതി അവസാനിക്കുമ്പോൾ ബാഴ്സ പിറകിൽ തന്നെ ആയിരുന്നു.

രണ്ടാം പകുതിയിലും ബാഴ്സ ഏതാനും പ്രതിരോധ മണ്ടത്തരങ്ങൾ കാണിച്ചെങ്കിലും ഭാഗ്യം തുണച്ചത് കൊണ്ട് രണ്ടാം ഗോൾ വഴങ്ങിയില്ല. 66 ആം മിനുട്ടിൽ കുട്ടീഞ്ഞോയെ പിൻവലിച്ച വാൽവർടെ അൽകാസറിനെ കളത്തിൽ ഇറക്കി. 72 ആം മിനുട്ടിൽ ഇനിയെസ്റ്റയുടെ മികച്ച നീക്കത്തിനൊടുവിൽ സുവാരസാണ് ബാഴ്‌സയെ ഒപ്പമെത്തിച്ചത്. ഇത് തുടർച്ചയായ 8 ആം ല ലിഗ മത്സരത്തിലാണ് സുവാരസ് ഗോൾ നേടുന്നത്. 84 ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മെസ്സി ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. പിന്നീടുള്ള ചുരുക്കം സമയം നന്നായി പ്രതിരോധിച്ചതോടെ ബാഴ്സ ജയവും 3 പോയിന്റും സ്വന്തമാക്കി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത 3 ഗോളിന് ലാസ് പാൽമാസിനെ മറികടന്നിരുന്നു. 46 പോയിന്റുള്ള അത്ലറ്റികോ രണ്ടാമതാണ് ലീഗിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement