ഇന്ന് എൽ ക്ലാസികോ, ഫോം വീണ്ടെടുക്കാൻ റയലും ബാഴ്സയും

സ്പെയിനിൽ ഇന്ന് ഈ സീസണിൽ ആദ്യ എൽ ക്ലാസികോ ആണ്. ഈ സീസണിൽ അത്ര മികച്ച തുടക്കമല്ല സ്പെയിനിലെ വമ്പന്മാരായ റയൽ മാഡ്രിഡിനും ബാഴ്സലോണക്കും ലഭിച്ചത്. എങ്കിലും ലാലിഗയുടെ ആവേശത്തിന് അതൊന്നും കുറവ് വരുത്തില്ല. ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാകും ബാഴ്സലോണയും റയലും ഏറ്റുമുട്ടുക.

ചാമ്പ്യൻസ് ലീഗിൽ അവസാന മത്സരത്തിൽ വിജയിച്ചു എങ്കിലും സ്പെയിനിൽ ബാഴ്സലോണക്ക് അത്ര നല്ല ഫോമല്ല. ലീഗിലെ അവസാന രണ്ടു മത്സരങ്ങളും അവർക്ക് ജയിക്കാൻ ആയിട്ടില്ല.അൻസു ഫതിയുടെ ഫോം കോമാന്റെ ടീമിന് പ്രതീക്ഷ ആണെങ്കിൽ മെസ്സി ഇനിയും തന്റെ പതിവ് ഫോമിൽ എത്താത്തത് ആശങ്ക നൽകുന്നു. മെസ്സി ഈ സീസണിൽ പെനാൾട്ടിയിലൂടെ മാത്രമാണ് ഇതുവരെ ഗോൾ നേടിയത്. ഗ്രീസ്മന്റെ ഫോമും ബാഴ്സക്ക് പ്രശ്നമാണ്.

റയൽ മാഡ്രിഡ് ആണെങ്കിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾ കഴിഞ്ഞാണ് ബാഴ്സയിൽ എത്തുന്നത്. ഗോളടിക്കാൻ ആളില്ലാത്തതും ഡിഫൻസിൽ കളിക്കാൻ ആളില്ലാത്തതും ഒരുപോലെ റയലിനെ അലട്ടുന്നു. പരിക്ക് മാറി റാമോസ് കളത്തിൽ മടങ്ങി എത്തുന്നു എന്നത് മാത്രമാകും റയലിന്റെ ഇന്നത്തെ ആശ്വാസം. കഴിഞ്ഞ സീസണിൽ എൽ ക്ലാസികോയിൽ കാണിച്ച മികവ് ആവർത്തിക്കുക ആകും സിദാന്റെ ലക്ഷ്യം. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.