ലാ ലീഗയിൽ ദയനീയ പ്രകടനം തുടരുന്ന സെൽറ്റ വീഗോ പുതിയ പരിശീലകനെ എത്തിച്ചു. മുൻ സ്പോർട്ടിങ്, ബസിക്തസ് പരിശീലകൻ ആയിരുന്ന കാർലോസ് കർവൽഹാൾ ആണ് സീസണിൽ തുടർന്ന് സെൽറ്റക്ക് തന്ത്രങ്ങൾ ഓതുക. യുഎഇ ടീമായ അൽ വാഹ്ദ മാനേജർ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ മാസമാണ് ടീമിൽ നിന്നും പുറത്തായത്. വെറും നാല് മാസമായിരുന്നു അദ്ദേഹത്തിന്റെ യുഎഇയിലെ കാലാവധി. പുതിയ ചുമതല ഏറ്റെടുത്ത കർവൽഹാളിന് രണ്ടു വർഷത്തെ കരാർ ആണ് സെൽറ്റ നൽകിയിരിക്കുന്നത്.
നേരത്തെ സീസണിലെ മോശം തുടക്കമാണ് അർജന്റീനകാരനായ എഡ്വാർഡോ കോഡെറ്റിന്റെ കസേര തെറിപ്പിച്ചത്. രണ്ടു സീസണായി സെൽറ്റയെ പരിശീലിപ്പിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന് കീഴിൽ പതിനാറാം സ്ഥാനത്താണ് പോയിന്റ് പട്ടികയിൽ ഉള്ളത്. ഇതുവരെ മൂന്ന് വിജയങ്ങൾ മാത്രം സ്വന്തമാക്കാൻ ആയ അദ്ദേഹത്തിന് കീഴിൽ അവസാന മത്സരത്തിൽ ലീഗിലേക്ക് പുതുതായി എത്തിയ അൽമേരിയയോട് വരെ തോൽവി ഏറ്റു വാങ്ങേണ്ടി വന്നതോടെയാണ് കടുത്ത നടപടികളിലേക് കടക്കാൻ സെൽറ്റ തീരുമാനിച്ചത്. ഇതോടെ സെവിയ്യ, വിയ്യാറയൽ എന്നിവർക്ക് പിറകെ മറ്റൊരു പ്രമുഖ ടീം കൂടി സീസണിന്റെ ഇടയിൽ പുതിയ കോച്ചിനെ കണ്ടെത്താൻ നിർബന്ധിതരാവുകയായിരുന്നു.