ബെറ്റിസിനെ തകർത്ത് ബാഴ്സലോണ; യമാലിന് അരങ്ങേറ്റം

Nihal Basheer

Picsart 23 04 30 02 43 02 786
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽബെറ്റിസിനെ എതിരില്ലാത്ത നാല് ഗോളുകൾക് തകർത്ത് ബാഴ്സലോണ ലാ ലീഗയിൽ കിരീടത്തിലേക്കുള്ള കുതിപ്പ് തുടരുന്നു. ക്രിസ്റ്റൻസൻ, ലെവെന്റോവ്സ്കി, റാഫിഞ്ഞ എന്നിവർ ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയി രേഖപ്പെടുത്തി. ജയത്തോടെ ലീഡ് 11 പോയിന്റ് ആക്കി നിലനിർത്താനും സാവിക്കും സംഘത്തിനും ആയി. 15കാരനായ യുവതാരം ലാമിനെ യമാൽ ബാഴ്‌സക്ക് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി മാറി. തോൽവി ബെറ്റിസിന്റെ ആറാം സ്ഥാനത്തിന് ഭീഷണി ഉയർത്തും.

ബാഴ്സലോണ 23 04 30 02 43 13 326

റയോ വയ്യക്കാനോയുമായുള്ള നിരാശാജനകമായ പ്രകടനം മറക്കാൻ ഉറച്ചു തന്നെയാണ് ബാഴ്‌സ കളത്തിൽ ഇറങ്ങിയത്. പരിക്ക് മാറി ക്രിസ്റ്റൻസൻ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയപ്പോൾ ഡെമ്പലെ ബെഞ്ചിൽ സ്ഥാനം പിടിച്ചു. പതിമൂന്നാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ ലീഡ് എടുത്തു. റാഫിഞ്ഞയുടെ ക്രോസിൽ നിന്നും ഒന്നാന്തരമൊരു ഹെഡർ ഉതിർത്ത് ക്രിസ്റ്റൻസനാണ് വല കുലുക്കിയത്. നബീൽ ഫെക്കിറും ബോർഹ ഇഗ്ലെഷ്യസും ഇല്ലാതെ ഇറങ്ങിയ ബെറ്റിസിന് ഇടക്ക് ചില ആക്രമണങ്ങൾ മെനയാൻ ആയെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല. പിന്നീട് രണ്ടാം മഞ്ഞക്കാർഡ് കിട്ടി ബെറ്റിസ് പ്രതിരോധ താരം എഡ്ഗാർ പുറത്തു പോയി. പിറകെ 35ആം മിനിറ്റിൽ ലെവന്റോവ്സ്കി രണ്ടാം ഗോൾ കണ്ടെത്തി. വലത് വിങ്ങിൽ നിന്നും ജൂൾസ് കുണ്ടേയാണ് നിലം പറ്റെ അസിസ്റ്റ് നൽകിയത്. മൂന്ന് മിനിറ്റിനു ശേഷം റാഫിഞ്ഞയിലൂടെ ബാഴ്‌സ വീണ്ടും ഗോൾ നേടി. ബുസ്ക്വറ്റ്‌സിന്റെ ഒന്നാന്തരം ഒരു ലൈൻ ബ്രേക്കിങ് പാസ് സ്വീകരിച്ചാണ് താരം വല കുലുക്കിയത്. പിന്നീട് ഇഞ്ചുറി ടൈമിൽ ഒരിക്കൽ കൂടി ബുസ്ക്വറ്റ്‌സ് റാഫിഞ്ഞക്ക് പന്ത് എത്തിച്ചെങ്കിലും താരത്തിന് നിയന്ത്രിക്കാൻ ആവാതെ വന്നതോടെ ഗോൾ പിറന്നില്ല.

രണ്ടാം പകുതിയിലും ബാഴ്‌സ മുന്നേറ്റങ്ങൾക്ക് കുറവ് വരുത്തിയില്ല. ബെറ്റിസിന്റെ മുന്നേറ്റത്തിൽ മിറാണ്ടയുടെ ശ്രമം റ്റെർ സ്റ്റഗൻ തടുത്തു. വിരമിക്കൽ പ്രഖ്യാപിച്ച ഹോക്വിനെ കാണികൾ കയ്യടികളോടെ വരവേറ്റു. എന്നാൽ ഇടക്ക് പരിക്കേറ്റ് തിരിച്ച് കയറേണ്ടി വന്നതോടെ ബെറ്റിസ് ഒൻപത് പേരിലേക്ക് ചുരുങ്ങി. ലെവെന്റോവ്സ്കിക്ക് ലഭിച്ച മികച്ചൊരു അവസരത്തിൽ താരത്തിന്റെ ഷോട്ട് പോസ്റ്റിൽ ഇടിച്ചു തെറിച്ചു. 82ആം മിനിറ്റിൽ ബോസ്‌കിനുള്ളിൽ നിന്നും ഫാറ്റിയുടെ ഷോട്ട് എതിർ തരത്തിൽ തട്ടി പോസ്റ്റിലേക്ക് തന്നെ കയറി. പിന്നീട് 15 കാരനായ ലാമിനെ യമാൽ ബാഴ്‌സ ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചു. പിറകെ താരത്തിന് കന്നി മത്സരത്തിൽ തന്നെ ഗോൾ നേടാൻ അവസരം കൈവന്നെങ്കിലും കീപ്പർ തടുത്തു. ബാഴ്‌സക്ക് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യമാൽ. പരിക്ക് മാറിയ ഡെമ്പലേയും പകരക്കാരനായി കളത്തിൽ എത്തിയിരുന്നു.