കൂടുതൽ യുവപ്രതിഭകൾ വേണം,ആസ്റ്റൺവില്ല താരം ബാഴ്‌സയുടെ റഡാറിൽ

Nihal Basheer

20220712 161119

മധ്യനിരയിലേക്ക് കൂടുതൽ യുവ പ്രതിഭകളെ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ അവസാനിപ്പിക്കുന്നില്ല.പെഡ്രി, ഗവി, നിക്കോ കൂടാതെ ഈ സീസണിലേക്ക് ടീമിൽ എത്തിച്ച പാബ്ലോ ടോറെ എന്നിവരുടെ ശ്രേണിയിലേക്ക് ചേർക്കാൻ ഉതകുന്ന ഒരു താരത്തെ കൂടി ബാഴ്‌സ നോട്ടമിട്ടു എന്നാണ് പുതിയ സൂചനകൾ. ആസ്റ്റൺവില്ലയുടെ കാർനെ ചുകുവെമേകയേയാണ് ബാഴ്‌സയുടെ ഈ പുതിയ നോട്ടപ്പുളളി. പതിനെട്ടുകാരനായ ആസ്റ്റൺവില്ല താരത്തിന് പിറകെ കുറച്ചായി ബാഴ്‌സയുടെ കണ്ണുകൾ ഉണ്ടെങ്കിലും നിലവിൽ താരത്തിനായി കാര്യമായി ശ്രമിക്കാൻ തന്നെയാണ് ടീമിന്റെ ശ്രമം എന്നാണ് ഫാബ്രിസിയോ റൊമാനോ നൽകുന്ന സൂചന.

നോർതാംപ്ടൻ യൂത്ത് ടീമിലൂടെ വളർന്ന് പിന്നീട് ആസ്റ്റ്ൻവില്ലയുടെ യുവ ടീമിനോടൊപ്പം ചേർന്ന താരമാണ് ചുകുവെമേക. 2021ൽ ടോട്ടനത്തിനെതിരെ ആദ്യമായി സീനിയർ ടീം കുപ്പായമണിഞ്ഞു.അവസാന സീസണിൽ ആസ്റ്റൺവില്ലക്കായി പതിനൊന്ന് ലീഗ് മത്സരങ്ങളിൽ ഇറങ്ങി. ഇംഗ്ലണ്ട് യൂത്ത് ടീമുകളിലും സ്ഥിരം സാന്നിധ്യമാണ്. മധ്യനിരയിൽ കളി നിയന്ത്രിക്കുന്നതിനൊപ്പം ഗോളുകളും നേടാൻ കഴിയുന്നതാണ് ചുകുവെമേകയുടെ പ്രത്യേകത.അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ വിജയികളായ ഇംഗ്ലണ്ടിന് വേണ്ടി ഫൈനലിൽ ഗോൾ കണ്ടെത്താൻ സാധിച്ചു.

നിലവിൽ ആസ്റ്റൺവില്ലയുമായുള്ള കരാറിന്റെ അവസാനഘട്ടത്തിലാണ് താരമുള്ളത്. അടുത്ത വർഷത്തോടെ നിലവിലെ കരാർ അവസാനിക്കും.ജനുവരി മുതൽ മറ്റ് ടീമുകളുമായി ചർച്ച നടത്താനും താരത്തിനാവും. യുവ താരം എന്ന നിലയിൽ രാജ്യത്തിന് പുറത്തു മറ്റ് ക്ലബ്ബുകളിൽ രെജിസ്റ്റർ ചെയ്യുന്നതിന്റെ ഭാഗമായി ഫിഫ അനുവദിച്ച നഷ്ടപരിഹാരത്തിനും താരവും താരത്തിന്റെ ക്ലബ്ബും അർഹരാവും. ഇതോടെ താരത്തിനെ എത്തിക്കുന്നതിന്റെ ഭാഗമായി നിശ്ചിത തുക ചുകുവെമേക ഇതുവരെ പരിശീലിച്ച ക്ലബ്ബുകൾക്ക് താരത്തിന്റെ പുതിയ ടീമിൽ നിന്നും നേടാൻ ആവും.ഇതോടെ ഫ്രീ ട്രാൻസ്ഫർ ആയിട്ടാണെങ്കിലും താരത്തെ എത്തിക്കാൻ ബാഴ്‌സ കുറച്ചു തുക മുടക്കേണ്ടി വരുമെന്നത് ഉറപ്പാണ്.