ബാഴ്സലോണ പരിശീലകനായി പെട്ടെന്ന് തന്നെ ചുമതലയേൽക്കാൻ ആകും എന്ന പ്രതീക്ഷ പ്രകടിപ്പിച്ച് സാവി. ഇന്നലെ അൽ സാദിന്റെ മത്സര ശേഷം സംസാരിച്ച സാവി പെട്ടെന്ന് തന്നെ ബാഴ്സലോണയും അൽ സാദും തമ്മിലുള്ള ചർച്ചകൾ ഫലം കാണും എന്ന് പറഞ്ഞു. തന്റെ അൽ സാദ് പരിശീലകനായുള്ള അവസാന മത്സരമാണ് ഇന്നലെ കഴിഞ്ഞത് എന്നും സാവി സൂചന നൽകി. രണ്ട് ക്ലബുകളും ചർച്ച നടത്തുന്നുണ്ട്. രണ്ട് ക്ലബുകൾക്കും എന്റെ തീരുമാനം എന്താണ് എന്ന് അറിയാമെന്നും സാവി പറഞ്ഞു.
ബാഴ്സലോണക്ക് സാവിയെ പരിശീലകനായി വേണം എങ്കിൽ തങ്ങൾക്ക് ബാഴ്സലോണ നഷ്ടപരിഹാരം നൽകണം എന്ന് ഖത്തർ ക്ലബായ അൽ സാദ് നേരത്തെ പറഞ്ഞിരുന്നു. ഇത് നൽകാൻ സാവി തയ്യാറായിരുന്നു. സാവിക്ക് അൽ സാദിൽ ഇനിയും രണ്ടു വർഷത്തെ കരാർ ബാക്കിയുണ്ട്. ബാഴ്സലോണ മാനേജ്മെന്റ് ദോഹയിൽ എത്തി ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണ് ഇപ്പോൾ.