എൽ ക്ലാസിക്കോയിൽ ഏറ്റ തോൽവിയുടെ ക്ഷീണം അകറ്റാൻ ബാഴ്സലോണ വീണ്ടും കളത്തിലേക്ക്. ക്യാമ്പ്ന്യൂവിന്റെ പുൽതകിടികളിലേക്ക് ഉനയി എമെരിയും സംഘവും എത്തുമ്പോൾ തകർന്ന് പോയ ആത്മവിശ്വാസം വീണ്ടെടുക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും ബാഴ്‌സക്ക് മുന്നിലില്ല. റയൽ മാഡ്രിഡിന് ലീഗ് തലപ്പത്ത് മൂന്ന് പോയിന്റ് ലീഡ് ആയതോടെ ഇനി കൈവിട്ട് പോകുന്ന ഓരോ പോയിന്റും കിരീടത്തിലേക്കുള്ള അകൽച്ച വർധിപ്പിക്കുമെന്ന് ബാഴ്‌സ തിരിച്ചറിയുന്നുണ്ടാവും. ലീഗിൽ കഴിഞ്ഞ മത്സരങ്ങളിലൂടെ നേടിയെടുത്ത മേൽകൈ എല്ലാം റയലിനെതിരായ മത്സരത്തിലൂടെ കൈവിട്ട് പോയിരിക്കുകയാണ് സാവിക്കും സംഘത്തിനും. ആത്മവിശ്വാസം വീണ്ടെടുക്കാനും സ്വന്തം തട്ടകത്തിൽ വിജയം ആവശ്യമാണ്.
സാവി ടീമിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. പിക്വേക്കും, ആൽബക്കും പിറകെ സെർജിയോ ബസ്ക്വറ്റ്‌സിനെ കൂടി ബെഞ്ചിലേക്ക് അയക്കാനുള്ള ചങ്കൂറ്റം സാവി കാണിച്ചേക്കും. കഴിഞ്ഞ മത്സരങ്ങളിലെ ടീമിന്റെ തോൽവികളിൽ ബാസ്ക്വറ്റ്‌സിന്റെ പ്രകടനം ദയനീയമായിരുന്നു. പരിക്ക് മാറി ബെല്ലാരിൻ, ജൂൾസ് കുണ്ടേ എന്നിവർ എത്തുന്നത് ടീമിന് വലിയ ആശ്വാസമാണ്. റൈറ്റ് ബാക്ക് സ്ഥാനത്ത് ബെല്ലാരിൻ തന്നെ സ്ഥാനം പിടിച്ചേക്കും. റയലിനെതിരെ നിറം മങ്ങിയെങ്കിലും എറിക് ഗർഷ്യ ജൂൾസ് കുണ്ടേക്ക് തുണയായി പിൻനിരയിൽ എത്തും. ബസ്ക്വറ്റ്‌സിന് പകരം ഡിയോങ്ങിനെ ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് പരീക്ഷിക്കപ്പെട്ടേക്കുമെന്ന സൂചനകൾ സാവി മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ നൽകി. ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടായെക്കുമെന്നും സാവി അറിയിച്ചതോടെ മുൻ നിരയിലേക്ക് ഫാറ്റി, ഫെറാൻ ടോറസ് എന്നിവർക്ക് അവസരം. ലഭിച്ചേക്കും. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ട് മുപ്പതിനാണ് മത്സരം ആരംഭിക്കുക.