സമനിലയുമായി സീസൺ ആരംഭിച്ച എഫ്സി ബാഴ്സലോണ ആദ്യ വിജയം തേടി ഇറങ്ങുന്നു. ലീഗിലെ രണ്ടാം മത്സരത്തിൽ റയൽ സോസിഡാഡ് ആണ് എതിരാളികൾ. സോസിഡാഡ് ആദ്യ മത്സരത്തിൽ കാഡിസിനെ ഏക ഗോളിന് തോൽപ്പിച്ചിരുന്നു. ഇരു ടീമുകളും മാറ്റങ്ങളോടെയാകും ആദ്യ ഇലവൻ ഇറക്കുന്നത്. സോസിഡാഡിന്റെ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന മത്സരം ആരംഭിക്കുന്നത് ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ്.
ചുവപ്പ് കാർഡ് കണ്ട സെർജിയോ ബസ്ക്വറ്റ്‌സിന് ബാഴ്സലോണ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. പ്രീ സീസണിൽ സാവി ഡിഫെൻസിവ് മിഡ്ഫീൽഡർ ആയി പരീക്ഷിച്ച നിക്കോ ഇപ്പോൾ ടീമിനോടൊപ്പമില്ല. പ്യാനിച്ച്, ഡിയോങ്, കെസ്സി എന്നിവരിൽ ഒരാളെ സാവി ഈ സ്ഥാനത്തേക്ക് പരിഗണിക്കും. മധ്യ നിരയെ പെഡ്രി തന്നെ നയിക്കും. മൂന്ന് സെൻട്രൽ ഡിഫൻഡർമാരുമായി ഇറങ്ങാനും സാധ്യതയുണ്ട്. ക്രിസ്റ്റൻസണോപ്പം അരാഹുവോ പ്രതിരോധ നിരയിൽ എത്തും.
ജൂൾസ് കുണ്ടേയെ ഈ മത്സത്തിനും ലാ ലീഗയിൽ രെജിസ്റ്റർ ചെയ്യാൻ ടീമിന് സാധിച്ചേക്കില്ല. ട്രാൻസ്ഫർ പരിഗണിക്കുന്ന ഔബമയങ്, ഡീപെയ് എന്നിവരെ ഈ മത്സരത്തിലും പരിഗണിക്കുമെന്ന് സാവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവർ ഇപ്പോഴും തങ്ങളുടെ താരങ്ങൾ ആണെന്ന് സാവി പറഞ്ഞു. മുൻ നിരയിൽ ലെവെന്റോവ്സ്കി തന്നെ ആരംഭിക്കും. കൂട്ടായി റാഫിഞ്ഞക്കൊപ്പം ഫാറ്റിയോ ഡെമ്പലെയെ എത്തും.
മധ്യ നിരയിൽ ഗവി ബെഞ്ചിൽ നിന്നു തന്നെ മത്സരം ആരംഭിക്കും. ജോർഡി ആൽബക്ക് പകരം ബാൾഡെക്ക് സാവി അവസരം നൽകിയേക്കും. കഴിഞ്ഞ മത്സരത്തിലെ ആൽബയുടെ പ്രകടനം ഒട്ടും പ്രതീക്ഷാവഹമായിരുന്നില്ല. പിക്വേക്ക് വീണ്ടും ബെഞ്ചിൽ തന്നെ ഇരിക്കേണ്ടി വരും.
പുതുതായി ടീമിൽ എത്തിച്ച കുബോയുടെ ഗോളിൽ കാഡിസിനെ തോൽപ്പിച്ച് സീസൺ ആരംഭിച്ച സോസിഡാഡിന് ഫോം നിലനിർത്തേണ്ടതുണ്ട്. അലക്‌സാണ്ടർ ഐസക്കും കുബോയും തന്നെ ടീമിന്റെ മുന്നേറ്റത്തെ നയിക്കും. കരുത്തരായ എതിരാളികൾ ആണ് സോസിഡഡ് എന്ന് സാവി പറഞ്ഞു.