തിരികെ ബാഴ്സലോണയിലേക്ക് വരാനുള്ള ഓഫർ നിരസിച്ച് പുയോൾ

ബാഴ്സലോണയുടെ മുൻ ക്യാപ്റ്റൻ കാർലെസ് പുയോൾ ബാഴ്സലോണയിലേക്ക് തിരികെ വരില്ല എൻ സ്പാനിഷ് മാധ്യമങ്ങൾ. പുയോളിനെ ക്ലബിന്റെ സ്പോർടിംഗ് മാനേജർ ആക്കാൻ ബാഴ്സലോണ ബോർഡ് ശ്രമിച്ചിരുന്നു. എന്നാൽ തൽക്കാലം ക്ലബിലേക്ക് ഇല്ല എന്ന് പുയോൾ അറിയിച്ചതായാണ് വാർത്തകൾ. അവസാന ആഴ്ചകളിലായി ബാഴ്സലോണ പ്രസിഡന്റ് ബാർതമെയു പുയോളുമായി ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു.

പുയോൾ സ്പോർടിംഗ് മാനേജർ ആവുകയാണെങ്കിൽ എറിക് അബിദാൽ, രാമൊൺ പ്ലേൻസ് എന്നിവർക്കൊപ്പം ചേർന്നായിരുന്നു പ്രവർത്തിക്കേണ്ടത്. ബാഴ്സലോണക്ക് വേണ്ടി നാഞ്ഞൂറോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് പുയോൾ. ബാഴ്സലോണക്ക് ഒപ്പം 18 കിരീടങ്ങളും അദ്ദേഹം നേടിയിരുന്നു. 2014ൽ ആണ് പുയോൾ ഫുട്ബോളിൽ നിന്ന് വിരമിച്ചത്.