താരങ്ങളുടെ രജിസ്‌ട്രേഷൻ; ഉത്രാട പാച്ചിലിൽ ബാഴ്സലോണ

Nihal Basheer

Picsart 22 08 11 17 46 13 748
Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതുതായി എത്തിയ താരങ്ങളെ ലീഗിൽ രെജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ബാഴ്‌സലോണ. നിശ്ചിത സമയത്തിന് മുൻപ് തന്നെ എല്ലാ താരങ്ങളെയും രെജിസ്റ്റർ ചെയ്യാൻ കഴിയും എന്നാണ് ടീമിന്റെ പ്രതീക്ഷ. ദിവസങ്ങൾക്ക് മുൻപ് ലാ ലീഗയോട് രേഖകൾ അടക്കം സമർപ്പിച്ച് രജിസ്‌ട്രേഷൻ സാധ്യമാവുമോ എന്ന് ബാഴ്‌സ ആരാഞ്ഞിരുന്നു. എന്നാൽ അനുകൂലമായ മറുപടി അല്ല ലഭിച്ചത്. കൂടുതൽ വരുമാനം കാണിക്കേണ്ടി വരും എന്നുള്ളതിനാൽ അതിനുള്ള വഴികൾ തേടുകയായിരുന്നു പിന്നീട്. വിൽപ്പനയ്ക്കായി നീക്കിവെച്ച ബാഴ്‌സ സ്റ്റുഡിയോസിന്റെ കുറച്ച് ഓഹരികൾ കൂടി വിൽക്കാൻ സാധിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഇല്ലാതെ രജിസ്‌ട്രേഷൻ സാധ്യമാവും എന്നാണ് പ്രതീക്ഷ. താരങ്ങളുടെ സലറിയിൽ കുറവ് വരുത്തുന്നത് ഉൾപ്പടെ മറ്റ് വഴികളും ടീം തേടുന്നുണ്ട്.

ലെവെന്റോവ്സ്കി അടക്കമുള്ള പുതുതായി ടീമിൽ എത്തിയവരും കരാർ പുതുക്കിയ സെർജി റോബർട്ടോ, ഡെമ്പലെ എന്നിവരെയും ടീമിന് രെജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതിൽ കുറച്ചു പേരെ രെജിസ്റ്റർ ചെയ്യാൻ കഴിഞ്ഞേക്കുമെങ്കിലും എല്ലാവരുടെയും നടപടികൾ ഒന്നിച്ചു മതി എന്നാണ് ബാഴ്‌സലോണയുടെ തീരുമാനം. ബാഴ്‌സ സ്റ്റുഡിയോസിന്റെ ഇരുപത്തിനാല് ശതമാനത്തോളം ഓഹരികൾ വിൽപ്പനയ്ക്കായി കണ്ടുവെച്ചത് ഇത് വരെ വിൽക്കാതെ വെച്ചിരിക്കുകയായിരുന്നു. അത്യാവശ്യ ഘട്ടമെങ്കിൽ മാത്രം ഇതിന് പുതിയ ഉടമകളെ തേടാനായിരുന്നു പദ്ധതി. നിലവിലെ സാഹര്യത്തിൽ ഇത് നടപ്പാക്കേണ്ടി വരും.

കൂടാതെ പിക്വേ, ബസ്ക്വറ്റ്‌സ് തുടങ്ങിയ സീനിയർ താരങ്ങളുമായി സാലറിയിൽ കുറവ് വരുത്താനും ചർച്ചകൾ നടത്തി കൊണ്ടിരിക്കുവാണ്. ഇതിന് സന്നദ്ധത അറിയിച്ചട്ടുള്ള പിക്വേയുടെ സാലറിയിൽ വലിയ കുറവ് വരുത്തുന്നതോടെ തന്നെ ബാഴ്‌സക്ക് വലിയൊരു ആശ്വാസമാവും. ബാസ്ക്വറ്റ്‌സുമായുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നടപടികൾ എല്ലാം വേഗത്തിൽ ആകേണ്ടത് ടീമിന് ആവശ്യമാണ്. ഇതിന് പുറമെ ഡീപെയ് അടക്കം ചില താരങ്ങൾക്ക് ടീമിന് പുറത്തേക്കുള്ള വഴിയും തേടുന്നുണ്ട്.

Story Highlight: Barcelona pushing hard to register players