പ്രീ സീസൺ; യുവന്റസും ബാഴ്‌സയും നേർക്കുനേർ

20220726 204748

സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് വേണ്ടി അമേരിക്കയിൽ ഉള്ള ബാഴ്‌സലോണയും യുവന്റസും പരിശീലന മത്സരത്തിൽ ഏറ്റു മുട്ടുന്നു. ടെക്സാസിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ ആറു മണിക്കാണ് ആരംഭിക്കുക. സോണി സിക്സിൽ മത്സരം തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

ടീമിൽ വലിയ മാറ്റങ്ങളോടെയാണ് യുറോപ്പിലെ ഇരു വമ്പന്മാരും അടുത്ത സീസണിന് വേണ്ടി ഒരുങ്ങുന്നത്. ട്രാൻസ്ഫർ മാർക്കാട് അടക്കി വാണു കൊണ്ട് ബാഴ്‌സലോണ വമ്പൻ താരങ്ങളെ എത്തിച്ചപ്പോൾ കെല്ലിനി, ഡി ലൈറ്റ്, മൊറാട്ട, ബെന്റാകുർ എന്നിവരെ നഷ്ടമായ യുവന്റസും മാറ്റത്തിന്റെ പാതയിലാണ്. പോഗ്ബയെ തിരികെ എത്തിച്ച് മധ്യനിര ശക്തമാക്കി. ഡി മരിയയെ എത്തിച്ചത് മുൻ നിരക്ക് കരുത്തു പകരും. കഴിഞ്ഞ സീസണിന്റെ ഇടക്ക് ടീമിൽ എത്തിച്ച ഡുസാൻ വ്ലാഹോവിചിന് തന്റെ പ്രതിഭയോട് നീതി പുലർത്തേണ്ടതുണ്ട്.
20220726 034331
ആദ്യ മത്സരങ്ങളിൽ വിജയിച്ച് ഇരു ടീമുകളും ഫോമിലാണെന്ന് തെളിയിച്ചിട്ടുണ്ട്. അമേരിക്കയിലെ മൂന്നാം മത്സരത്തിന് ബാഴ്‌സ ഇറങ്ങുമ്പോൾ രണ്ടാം മത്സരത്തിനാണ് യുവന്റസ് ഇറങ്ങുന്നത്. പോൾ പോഗ്ബ പരിക്കിന്റെ പിടിയിൽ ആയത് യുവന്റസിന് ആശങ്ക പകരുന്നുണ്ട്. പരിക്ക് ഉടനെ ബേധമാവാൻ സാധ്യത ഇല്ലെന്നും ലീഗിലെ ആദ്യ മത്സരം അടക്കം താരത്തിന് നഷ്ടമാകും എന്നും സൂചനകൾ ഉണ്ട്. ബാഴ്‌സ നിരയിൽ ഫെറാൻ ടോറസ് ഇതുവരെ പരിക്കിൽ നിന്നും മുക്തനായിട്ടില്ല.

ഇതുവരെ പരിശീലന മത്സരങ്ങളിൽ കുറഞ്ഞ അവസരം ലഭിച്ച താരങ്ങൾക്ക് അടുത്ത മത്സരത്തിൽ കൂടുതൽ പ്രാമുഖ്യം നൽകുമെന്ന് സാവി വെളിപ്പെടുത്തി. പ്യാനിച്ച്, പിക്വേ, പാബ്ലോ ടോറെ എന്നിവർക്ക് നാളെ അവസരം ലഭിച്ചേക്കും. യുവന്റസ് നിരയിൽ കഴിഞ്ഞ മത്സരം ബെഞ്ചിൽ നിന്നും ആരംഭിച്ച വ്ലാഹോവിച് ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയേക്കും. പരിക്കേറ്റ പോഗ്ബക്ക് പകരം മറ്റൊരാളെ കോച്ച് അല്ലെഗ്രിക്ക് കണ്ടെത്തേണ്ടതുണ്ട്. ഇരു ടീമുകളിലും പുതുതായി എത്തിയ ലെവെന്റോവ്സ്കി, ഡി മരിയ എന്നിവർ തന്നെയാവും നാളത്തെ ശ്രദ്ധാ കേന്ദ്രങ്ങൾ.