ഇന്ത്യന്‍ വനിത സംഘത്തിലെ രണ്ട് താരങ്ങള്‍ക്ക് കോവി‍ഡ്, ബിര്‍മ്മിംഗാമിലേക്ക് യാത്രയായില്ല

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ വനിത സംഘത്തിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്. ഞായറാഴ്ചയാണ് ഈ താരങ്ങള്‍ക്ക് കോവിഡാണെന്ന് കണ്ടെത്തിയത്. താരങ്ങള്‍ ആരെന്ന് പേര് പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇരുവരെയും ഇന്ത്യയിൽ തന്നെ ഐസൊലേഷനിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്.

ഇവര്‍ ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത് ഇനിയുള്ള കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയാൽ മാത്രമാണെന്നും അധികാരികള്‍ അറിയിച്ചു. ജൂലൈ 29ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

കോമൺവെൽത്ത് ഗെയിംസിൽ ഇതാദ്യമായാണ് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക.