ഓൾഡ്ട്രഫോർഡിൽ അരങ്ങേറ്റം നടത്താൻ കാത്തിരിക്കുന്നു എന്ന് എറിക്സൺ

20220726 211905

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സൈനിംഗ് എറിക്സൺ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു. താരം ഇന്ന് കാരിങ്ടണിൽ എത്തിയിരുന്നു‌. ഓൾഡ്ട്രാഫോർഡിൽ തന്റെ യുണൈറ്റഡ് അരങ്ങേറ്റം നടത്താൻ കാത്തിരിക്കുക ആണെന്ന് അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യ മത്സരം ഓൾഡ്ട്രാഫോർഡിൽ ബ്രൈറ്റണ് എതിരെയാണ്. അന്ന് എറിക്സൺ അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓൾഡ്ട്രാഫോർഡ് അരങ്ങേറ്റത്തിന് ഏറ്റവും മികച്ച ഗ്രൗണ്ടാണെന്ന് എറിക്സൺ പറഞ്ഞു. താൻ എന്നും ഓൾഡ്ട്രാഫോർഡിൽ കളിക്കുന്നത് ആസ്വദിച്ചിട്ടുണ്ട്. യുണൈറ്റഡ് ജേഴ്സിയിൽ ഇവിടെ കളിക്കുന്നത് വേറിട്ട അനുഭവം ആയിരിക്കും എന്നും എറിക്സൺ ഇന്ന് പറഞ്ഞു.

താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ എറിക്സൺ ബ്രെന്റ്ഫോർഡിനൊപ്പം ആയിരുന്നു. ജനുവരിയിൽ അവിടെ എത്തിയ എറിക്സൺ 11 മത്സരങ്ങൾ അവർക്കായി കളിച്ചിരുന്നു. ഒരു ഗോൾ നേടിയ എറിക്സൺ നാലു അസിസ്റ്റും ബ്രെന്റ്ഫോർഡിൽ സ്വന്തമാക്കിയിരുന്നു. മുമ്പ സ്പർസിനായും പ്രീമിയർ ലീഗിൽ തിളങ്ങിയിട്ടുള്ള എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിലും ആ മികവ് ആവർത്തിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്.