തങ്ങളുടെ അവസാന പരിശീലന മത്സരവും വിജയിച്ച് ബാഴ്‌സലോണ അമേരിക്കൻ പര്യടനം പൂർത്തിയാക്കി. എതിരാളികളായ ന്യൂയോർക് റെഡ് ബുൾസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ബാഴ്‌സലോണ വിജയം കണ്ടെത്തിയത്. ജേതാക്കൾക്ക് വേണ്ടി ഡെമ്പലെ ഒരിക്കൽ കൂടി ഗോൾ വല കുലുക്കിയപ്പോൾ രണ്ടാം ഗോൾ മെംഫിസ് ഡീപെയുടെ വക ആയിരുന്നു.
ഇരു ടീമുകളും ഒരുപോലെ ആക്രമണം പുറത്തെടുത്താണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റുകളിൽ റെഡ് ബുൾസിന് മികച്ച മുന്നേറ്റങ്ങൾ കെട്ടിപ്പടുക്കാൻ സാധിച്ചു. ബാഴ്‌സലോണയും പലപ്പോഴും എതിർ പോസ്റ്റിന് അടുത്ത് എത്തിയെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല. നാൽപതാം മിനിറ്റിൽ ഡെമ്പലെ ഇടത് വശത്ത് കൂടി കൊണ്ടു വന്ന മുന്നേറ്റം താരം ഉള്ളിലേക്ക് വെട്ടിക്കയറി റാഫിഞ്ഞക്ക് നൽകി. താരം തിരിച്ച് ഡെമ്പലേക്ക് തന്നെ ബോൾ കൈമാറിയപ്പോൾ ഗോൾ കണ്ടെത്താൻ ഫ്രഞ്ച് താരത്തിന് ഒട്ടും അമാന്തക്കേണ്ടി വന്നില്ല. രണ്ടാം പകുതിയിൽ ബാഴ്‌സലോണ ടീമിൽ മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന ജെറാർഡ് പിക്വേക്ക് അവസരം ലഭിച്ചു. ബാഴ്‌സ കൂടുതൽ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ലേവന്റോവ്സ്കിക്ക് പകരം എത്തിയ ഡീപെയ് ആണ് രണ്ടാം ഗോൾ കണ്ടെത്തിയത്. പ്യാനിച്ച് ഉയർത്തി നൽകിയ ബോളിനൊപ്പം ഓടിയ ഡീപെയെ റെഡ് ബുൾ ഡിഫൻഡർ പിടിച്ചു വച്ചെങ്കിലും ബോക്സിന്റെ ഓരത്ത് വെച്ചു ബോൾ മുന്നോട്ടു കയറിയ ഗോളിയുടെ ദേഹത്ത് തട്ടി അകന്നു വശത്തേക്ക് തെറിച്ചപ്പോൾ ഡീപെക്ക് അനായാസം വലയിലാക്കാൻ സാധിച്ചു.
മൂന്ന് ജയവും ഒരു സമനിലയുമായി മികച്ച പ്രകടനത്തോടെ പ്രീ സീസൺ അവസാനിപ്പിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബാഴ്‌സ. അടുത്ത വാരം ജോവാൻ ഗാമ്പർ ട്രോഫിക്ക് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് ഇനി ടീം കടക്കും