സീസണിന് മുൻപായുള്ള ഒരുക്കങ്ങൾ ആരംഭിച്ച ബാഴ്‌സലോണ ടീം തങ്ങളുടെ ആദ്യ പരിശീലന മത്സരത്തിന് നാളെ ഇറങ്ങും. സ്പാനിഷ് ലീഗിലെ നാലാം ഡിവിഷനിലേക്ക് പുതുതായി എത്തിയ യു.ഇ ഒലോട് ആണ് നാളെ ബാഴ്‌സലോണയുടെ എതിരാളികൾ.ഒലോട്ടിന്റെ സ്റ്റേഡിയം ആയ ഒലോട്ട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.അടുത്ത വാരം അമേരിക്കയിൽ പ്രീ സീസൺ മത്സരങ്ങൾക്ക് തിരിക്കുന്ന ടീമിനെ ഒരുക്കുന്നതിന് കോച്ച് സാവിക്ക് ലഭിക്കുന്ന അവസരമാകും നാളെ.
42 വർഷങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. 1980ലാണ് ടീമുകൾ അവസാനമായി ഏറ്റുമുട്ടിയത്.1921ൽ സ്ഥാപിച്ച ഒലോട് തങ്ങളുടെ നൂറാം വാർഷികത്തിലൂടെയാണ് കടന്നു പോകുന്നത്.
പതിനൊന്നാം തിയതി ടീമിനോടൊപ്പം ചേരാനുള്ള അവസാന ദിനം ആയതിനാൽ നിലവിലെ എല്ലാ താരങ്ങളും ബാഴ്‌സലോണക്കൊപ്പമുണ്ട്.ഫെറാൻ ടോറസിന് പരിക്ക് ഉള്ളതായി സൂചനയുള്ളതിനാൽ താരത്തിന് സാവി വിശ്രമം അനുവദിച്ചേക്കും.ബാക്കിയുള്ള എല്ലാ താരങ്ങൾക്കും അവസരം നൽകാൻ തന്നെ ആവും നാളെ സാവിയുടെ ശ്രമം.
മത്സരം എതിർ ടീമിന്റെ തട്ടകത്തിൽ ആയതിനാൽ തങ്ങളുടെ പുതിയ സുവർണ നിറത്തിൽ ഉള്ള എവേ ജേഴ്‌സി അണിഞ്ഞാകും ബാഴ്‌സലോണ ഇറങ്ങുക. ഇന്ത്യൻ സമയം വൈകിട്ട് 10:30നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.