ലിവർപൂളിനെ നക്ഷത്രമെണ്ണിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എറിക് ടെൻ ഹാഗ് യുഗം ആരംഭിച്ചു

Picsart 22 07 12 20 11 54 228

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഏറെ കാലത്തിനു ശേഷം സന്തോഷിച്ച ദിനമാകും ഇന്ന്. അവർ ഇന്ന് പ്രീസീസണിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തോൽപ്പിച്ചത്. പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ കീഴിലെ യുണൈറ്റഡിന്റെ ആദ്യ മത്സരമായിരുന്നു ഇത്. പ്രീസീസൺ ആണെങ്കിലും യുണൈറ്റഡിന് ഒരുപാട് പ്രതീക്ഷ നൽകുന്ന ഫലമാകും ഇത്.

ഇന്ന് ലിവർപൂളിനെ ഞെട്ടിച്ച തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തായ്ലാന്റിൽ ലഭിച്ചത്. ടെൻ ഹാഗിന്റെ തന്ത്രങ്ങൾ കളത്തിൽ കാണിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 12ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് ഡിപ്പ് ചെയ്ത് കൊടുത്ത ക്രോസ് ക്ലിയർ ചെയ്യാൻ ലിവർപൂൾ ഡിഫൻസിന് ആയില്ല. പന്ത് വീണത് സാഞ്ചോയുടെ മുന്നിൽ. ടെൻ ഹാഗിന്റെ കീഴിലെ ആദ്യ യുണൈറ്റഡ് ഗോൾ സാഞ്ചോ നേടിയതോടെ യുണൈറ്റഡ് ഒരു ഗോളിന് മുന്നിൽ എത്തി.
20220712 201010
മുപ്പതാം മിനുട്ടിൽ ആയിരുന്നു യുണൈറ്റഡിന്റെ രണ്ടാം ഗോൾ വന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു നല്ല നീക്കം ലിവർപൂൾ തടഞ്ഞു എങ്കിലും ബോക്സിന് പുറത്ത് നിന്ന് കിട്ടിയ പന്ത് ഗോൾ ലൈനിൽ നിന്ന് മുന്നിലേക്ക് കയറി നിന്നിരുന്ന അലിസണെ കബളിപ്പിച്ച് ഫ്രെഡ് ചിപ്പ് ചെയ്ത് വലയിലേക്ക് എത്തിച്ചു. ഈ മത്സരത്തിൽ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്.

32ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോൾ നേടി. ഇത്തവണ വലതു വിങ്ങിൽ ലിവർപൂൾ ഡിഫൻസിൽ നിന്ന് പന്ത് തട്ടിയെടുത്ത മാർഷ്യൽ ഒറ്റയ്ക്ക് കുതിച്ച് ബോക്സ് വരെ വന്ന് പന്ത് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്തും യുവതാരങ്ങളുമായാണ് അണിനിരന്നത്. ലിവർപൂൾ അവരുടെ സൂപ്പർ താരങ്ങളെയും ഇറക്കി. എന്നിട്ടും യുണൈറ്റഡ് മികച്ചു നിന്നു. 77ആം മിനുട്ടിൽ ഒരു കൗണ്ടറിലൂടെ ഫകുണ്ടോ പെലിസ്ട്രി യുണൈറ്റഡിന്റെ നാലാം ഗോൾ നേടി. അമദ് ദിയാലോ ബോക്സ് വരെ കുതിച്ച് നൽകിയ പന്ത് അനായാസം ലക്ഷ്യത്തിൽ എത്തിക്കാൻ പെലിസ്ട്രിക്ക് ആയി.

ഇന്ന് രണ്ടാം പകുതിയിൽ പുതിയ സൈനിംഗ് ആയ ഡാർവിൻ നൂനസ് ലിവർപൂളിനായും മലസിയ മാഞ്ചസ്റ്റർ യുണൈറ്റഡിനായും അരങ്ങേറ്റം നടത്തി.