ബാഴ്‌സലോണയിൽ മെസ്സിയുടെ കരാർ ഇന്ന് അവസാനിക്കും

20210116 141714

ബാഴ്‌സലോണയിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ കരാർ ഇന്ന് അവസാനിക്കും. നാളെ മുതൽ ഔദ്യോഗികമായി മെസ്സി ഒരു ഫ്രീ ഏജന്റ് ആവും. എന്നാൽ അടുത്ത ആഴ്ചയിൽ തന്നെ മെസ്സിയും ബാഴ്‌സലോണയും പുതിയ കരാറിൽ ഒപ്പിടുമെന്നാണ് കരുതപ്പെടുന്നത്. സൂപ്പർ താരം മെസ്സിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജിയും രംഗത്തുണ്ടെങ്കിലും മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സമ്മറിൽ ടീം വിടണമെന്ന ആവശ്യം മെസ്സി ഉന്നയിച്ചിരുന്നെങ്കിലും മെസ്സിയെ ക്ലബ് വിടാൻ ബാഴ്‌സലോണ അനുവദിച്ചിരുന്നില്ല.

ബാഴ്‌സലോണ പ്രസിഡന്റായി ലപോർട്ട എത്തിയതും പരിശീലകൻ കോമന് കീഴിൽ ബാഴ്‌സലോണ മെച്ചപ്പെട്ട പ്രകടനങ്ങൾ പുറത്തെടുക്കാൻ തുടങ്ങുകയും ചെയ്തതോടെ മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ ഇതുവരെ മെസ്സി ഔദ്യോഗികമായി ബാഴ്‌സലോണയിൽ പുതിയ കരാറിൽ ഒപ്പ്വെച്ചിട്ടില്ല. മെസ്സി ഉടൻ തന്നെ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെക്കുമെന്നും ചെറിയ കാര്യങ്ങളിൽ തീരുമാനം ആവാതിരിക്കുന്നതാണ് കരാർ വൈകാൻ കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.