വാൽവേർഡേയുടെ ഭാവി തുലാസിൽ, തിങ്കളാഴ്ച്ച ബാഴ്സ ബോർഡിന്റെ നിർണായക മീറ്റിങ്

സൂപ്പർ കപ്പ് സെമി ഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനോട് തോറ്റ് പുറത്തായതോടെ ബാഴ്സ പരിശീലകൻ വാൽവേർഡേയുടെ സ്ഥാനം തെറിക്കാൻ സാധ്യത. പരിശീലകന്റെ ഭാവി തീരുമാനിക്കാൻ തികളാഴ്ച്ച ബാഴ്സ ബോർഡ് യോഗം ചേർന്നേക്കും എന്നാണ് സ്‌പെയിനിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

2-1 ന് മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്സ സൗദിയിൽ അത്ലറ്റിയോട് 3-2 ന് തോൽവി വഴങ്ങിയത്. ഇതോടെ ബാഴ്സ ആരാധകർ പരിശീലകന് നേരെ കൂവലും തുടങ്ങി. ഈ സീസണിന്റെ തുടക്കം മുതൽ തന്നെ പരിശീലകന്റെ ഭാവി സംബന്ധിച്ച് ചർച്ചകൾ ബാഴ്സയിൽ സജീവമാണ്. നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് ആണെങ്കിലും അത് കേവലം ഗോൾ വ്യത്യാസത്തിൽ മാത്രമാണ്. ഇതുവരെ 3 ലീഗ് മത്സരങ്ങൾ ബാഴ്സ തോൽക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ എല്ലാം ബാഴ്സ ബോർഡ് യോഗത്തിൽ പരിഗണിച്ചേക്കും എന്നാണ് സൂചന.