ഇനി ബാഴ്സലോണയിൽ കോമൻ യുഗം!!

- Advertisement -

ബാഴ്സലോണയുടെ പരിശീലകനായി ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമൻ ചുമതലയേറ്റു. ക്രൈഫിനു കീഴിൽ കളിച്ച ബാഴ്സലോണയുടെ ഇതിഹാസ ടീമിലെ അംഗമായിരുന്ന കോമൻ ഇപ്പോൾ പരിശീലകനായി ബാഴ്സലോണയിൽ എത്തിയിരിക്കുകയാണ്‌. കോമൻ പരിശീലക ചുമതലയേറ്റെടുത്തതായി ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു. അവസാന ഒരു വർഷത്തിനിടയിൽ ബാഴ്സലോണയുടെ മൂന്നാമത്തെ പരിശീലകനാണ് കോമൻ.

നേരത്തെ വാല്വെർദെയെ പുറത്താക്കിയ സമയത്ത് തന്നെ ബാഴ്സലോണ കോമനെ സമീപിച്ചിരുന്നു. എന്നാൽ ആ സമയത്ത് ഹോളണ്ട് ദേശീയ ടീമിന്റെ ചുമതല ഒഴിയാൻ പറ്റില്ല എന്നാണ് കോമൻ പറഞ്ഞത്. ഇപ്പോൾ സെറ്റിയനും ബാഴ്സലോണയിൽ പരാജയമായതോടെ കോമന് ബാഴ്സലോണയിൽ എത്താതെ നിവൃത്തിയില്ലാതായി. താൻ ഏറെ സ്നേഹിക്കുന്ന ക്ലബിനെ കഷ്ടകാലത്തിൽ നിന്ന് കരകയറ്റുക ആകും കോമന്റെ ആദ്യ ലക്ഷ്യം. കോമന് കീഴിൽ ഹോളണ്ട് നടത്തിയ പ്രകടനങ്ങൾ ബാഴ്സലോണ ആരാധകർക്ക് പ്രതീക്ഷ നൽകും.

1989 മുതൽ 1995 വരെ ബാഴ്സലോണയിൽ കളിച്ചിരുന്ന റൊണാൾഡ് കോമൻ ബാഴ്സക്ക് ഒപ്പം 10 കിരീടങ്ങൾ നേടിയിരുന്നു. മുമ്പ് സൗതാമ്പ്ടൺ, എവർട്ടൺ എന്നീ ഇംഗ്ലീഷ് ക്ലബുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. പുതിയ ഒരു ബാഴ്സലോണ തലമുറയെ ഒരുക്കലാകും കോമന്റെ പ്രധാന ജോലി‌.

Advertisement