സൂപ്പർ താരം ലിയോണൽ മെസ്സിക്ക് ശേഷമുള്ള ഒരു കാലഘട്ടത്തെ കുറിച്ച് ബാഴ്‌സലോണ ചിന്തിച്ച് തുടങ്ങണമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബർട്ടോമു. മെസ്സിക്ക് ശേഷമുള്ള കാലഘട്ടത്തെ ആലോചിച്ചു കൊണ്ടാണ് പുതിയ താരങ്ങളെ ബാഴ്‌സലോണ ടീമിലെത്തിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. മെസ്സിക്ക് ശേഷമുള്ള കാലഘട്ടത്തിൽ ബാഴ്‌സലോണയെ മുൻപോട്ട് നയിക്കേണ്ടത് തന്റെ ചുമതലയാണെന്നും ബർട്ടോമു പറഞ്ഞു. അതെ സമയം മെസ്സി എനിയും ഒരുപാടു കാലം ബാഴ്‌സലോണക്കൊപ്പം കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ബാഴ്‌സലോണ പ്രസിഡന്റ് പറഞ്ഞു.
നിലവിലെ കരാർ പ്രകാരം മെസ്സിയുടെ കരാർ 2021ൽ അവസാനിക്കും. അതെ സമയം മെസ്സിക്ക് 36 വയസാവുന്നത് വരെയുള്ള പുതിയ കരാർ നല്കാൻ ബാഴ്‌സലോണ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബാഴ്‌സലോണയിൽ ഇനിയേസ്റ്റക്ക് നൽകിയത് പോലുള്ള ലൈഫ് ടൈം കരാർ മെസ്സിക്ക് നൽകാനാണ് ബാഴ്‌സലോണയുടെ പദ്ധതികൾ. 2004ൽ ആദ്യമായി ഫസ്റ്റ് ടീമിൽ എത്തിയതിന് ശേഷം മെസ്സി 9 തവണ ബാഴ്‌സലോണയിൽ തന്റെ കരാർ പുതുക്കിയിട്ടുണ്ട്.