ലാ ലീഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ഗെറ്റഫെയെ കീഴടക്കി ബാഴ്സലോണ. ക്യാമ്പ്ന്യൂവിൽ വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയർ വിജയം നേടിയത്. നിർണായക ഗോൾ പെഡ്രിയുടെ ബൂട്ടിൽ നിന്നായിരുന്നു. ഇതോടെ തൽക്കാലികമായെങ്കിലും ഒന്നാം സ്ഥാനത്ത് ലീഡ് ആറാക്കി ഉയർത്താൻ സാവിക്കും സംഘത്തിനും ആയി. ഗെറ്റാഫെ പതിനാറാം സ്ഥാനത്ത് തുടരുകയാണ്.
സസ്‌പെൻഷൻ കാരണം ലെവെന്റോവ്സ്കി പുറത്തായതിനാൽ റാഫിഞ്ഞക്കും ഡെമ്പലേക്കും ഒപ്പം ആൻസു ഫാറ്റിയെ മുൻനിർത്തിയാണ് സാവി ടീമിനെ അണിനിരത്തിയത്. മുഖ്യ സ്‌ട്രൈക്കറുടെ അഭാവത്തിൽ മുന്നേറ്റങ്ങൾ ഗോളാക്കി മാറ്റാൻ ബാഴ്‌സ വിഷമിച്ചു. ഇടക്കിടെ ഗെറ്റഫെ നടത്തിയ കൗണ്ടറുകൾ ബാഴ്‌സ ഗോൾ മുഖത്ത് ഭീഷണി സൃഷ്ടിച്ചു. മൂന്നാം മിനിറ്റിൽ തന്നെ ബോർഹ ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിധിച്ചിരുന്നു. തുടക്കം മുതൽ പ്രതിരോധം ശക്തമാക്കിയ ഗെറ്റഫെ ബാഴ്‌സക്ക് അവസരം നൽകിയില്ല.
മുപ്പത്തിനാലാം മിനിറ്റിലാണ് ബാഴ്‌സയുടെ ഗോൾ എത്തിയത്. ക്രിസ്റ്റൻസൻ തിരികെ നേടിയെടുത്ത ബോൾ ഇടത് വിങ്ങിൽ റാഫിഞ്ഞയിലേക്ക് എത്തുമ്പോൾ തടയാൻ ഗെറ്റാഫെ താരങ്ങൾ ഇല്ലായിരുന്നു. ബോക്സിലേക്ക് കൃത്യമായി ഓടിക്കയറിയ പെഡ്രിക്ക് ബ്രസീലിയൻ താരം പാസ് എത്തിച്ചപ്പോൾ ബാഴ്‌സയുടെ ഗോൾ പിറന്നു. തൊട്ടു പിറകെ ഗെറ്റഫെക്ക് ലഭിച്ച മികച്ചൊരു അവസരം റ്റെർ സ്റ്റഗൻ തടുത്തു.
രണ്ടാം പകുതിയിൽ ലഭിച്ച ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നിൽ ഡെമ്പലെയുടെ പാസിൽ കെസ്സിയുടെ ഷോട്ട് കീപ്പർ നേരെ ആയിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിൽ നിന്നും ലറ്റാസ തൊടുത്ത ഹെഡർ റ്റെർ സ്റ്റഗൻ രക്ഷിച്ചെടുത്തു. മത്സരത്തിൽ ഉടനീളം ഗെറ്റാഫെയുടെ നീക്കങ്ങൾ തടയിട്ട് കൊണ്ട് മികച്ച പ്രകടനമാണ് റ്റെർ സ്റ്റഗൻ നടത്തിയത്. ഇടക്ക് നീണ്ട പോസഷനുകളുമായി ഗെറ്റാഫെ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.