ബെറ്റിസിനേയും വീഴ്ത്തി ബാഴ്സലോണ കുതിക്കുന്നു

Nihal Basheer

Screenshot 20230202 033259 Brave

റയൽ ബെറ്റിസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിക്കൊണ്ട് എഫ്സി ബാഴ്സലോണ ലാ ലീഗയിലെ കുതിപ്പ് തുടരുന്നു. ബെറ്റിസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ റാഫിഞ്ഞയും ലെവെന്റോവ്സ്കിയും നേടിയ ഗോളുകൾ ആണ് ബാഴ്‌സക്ക് തുണയായത്. ജൂൾസ് കുണ്ടെയുടെ സെൽഫ്‌ ഗോൾ ആയിരുന്നു ബെറ്റിസിന്റെ മത്സരത്തിൽ അക്കൗണ്ട് തുറന്നത്. ഇതോടെ ബാഴ്‌സലോണക്ക് ഒന്നാം സ്ഥാനത്ത് എട്ടു പോയിന്റ് ലീഡ് ആയി. നാളെ വലൻസിയയെ മറികടന്നാൽ റയലിന് ലീഡ് നില കുറക്കാൻ സാധിക്കും.

ബാഴ്സലോണ 20230202 033220 Brave

കഴിഞ്ഞ മത്സരങ്ങളിൽ ഗോളടിയിൽ സംഭവിച്ച പിഴവുകൾ ബാഴ്‌സ ഇന്ന് ആദ്യ പകുതിയിലും ആവർത്തിക്കുന്നതാണ് കണ്ടത്. പല മുന്നേറ്റങ്ങളും തുടക്കത്തിൽ ലക്ഷ്യം കാണാതെ പോയി. സസ്‌പെൻഷൻ അവസാനിച്ച ലെവെന്റോവ്സ്കി ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയിരുന്നു. മികച്ചൊരു നീക്കത്തിനൊടുവിൽ റാഫിഞ്ഞ ബോക്സിനുള്ളിൽ നൽകിയ ത്രൂ ബോൾ പെഡ്രിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതിന് മുൻപ് കീപ്പർ കൈക്കലാക്കി. ഡി യോങിനെ പാസിൽ റാഫിഞ്ഞ ഹെഡറുമായി വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിധിക്കപ്പെട്ടു. പിന്നീട് പെഡ്രിയുടെയും ഗവിയുടേയും ഷോട്ടുകൾ കീപ്പർ തടുത്തു.

അറുപത്തിയഞ്ചാം മിനിറ്റിലാണ് ബാഴ്‌സയുടെ ആദ്യ ഗോൾ എത്തിയത്. ഗവിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഡി യോങ് സമയം പാഴാക്കാതെ ഇടത് വിങ്ങിൽ ബാൾടേക്ക് കൈമാറി. അതിവേഗം ബോക്സിലേക്ക് കുതിച്ച താരം റാഫിഞ്ഞയെ കണക്കാക്കി നൽകിയ പാസിലാണ് ഗോൾ വീണത്. ഡെമ്പലെയുടെ അഭാവത്തിൽ തുടക്കം മുതൽ കഠിനാധ്വാനം ചെയ്ത റാഫിഞ്ഞ അർഹിച്ച ഗോൾ ആയിരുന്നു ഇത്. എൺപതാം മിനിറ്റിൽ കോർണറിൽ നിന്നെത്തിയ ബോളിൽ ആരോഹോ തല വെച്ചെങ്കിലും ലെവെന്റോവ്സ്കിയുടെ കാലുകളിലാണ് എത്തിയത്. താരം അനായാസം വല കുലുക്കി. പിന്നീട് വലത് വിങ്ങിൽ നിന്നും എത്തിയ ക്രോസ് നിയന്ത്രിക്കാൻ ഉള്ള ജൂൾസ് കുണ്ടേയുടെ ശ്രമത്തിനിടെ പന്ത് വലയിൽ പതിച്ചു സെൽഫ് ഗോൾ ആയി പരിണമിച്ചു. ഒരു ഗോൾ മടാക്കിയതോടെ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ബെറ്റിസ് ശ്രമിച്ചെങ്കിലും ബാഴ്‍സ പ്രതിരോധം ഉറച്ചു നിന്നു.