ബാഴ്സലോണയുടെ ദുരിതം തുടരുന്നു. ഇന്ന് ലാലിഗയിൽ അവർ പരാജയപ്പെട്ടു. എട്ടു ഗോൾ പിറന്ന ത്രില്ലർ മത്സരത്തിൽ വിയ്യറയൽ ആണ് ബാഴ്സലോണയെ തോൽപ്പിച്ചത്. 83ആം മിനുറ്റ് വരെ 3-2ന് മുന്നിൽ നിന്ന ബാഴ്സലോണ പിന്നെ തകർന്നടിയുക ആയിരുന്നു. ഇന്ന് ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 41ആം മിനുട്ടിൽ മൊറേനോയിലൂടെ വിയ്യറയലാണ് ലീഡ് എടുത്തത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ അഖോമാച് സന്ദർശകരുടെ ലീഡ് 2 ആക്കി ഉയർത്തി. അവിടെ നിന്ന് ബാഴ്സലോണ തിരിച്ചടിച്ചു. 60ആം മിനുട്ടിൽ ഗുണ്ടോഗനും 68ആം മിനുട്ടിൽ പെഡ്രിയും ഗോൾ നേടിയതോടെ സ്കോർ 2-2 എന്നായി. 71ആം മിനുട്ടിൽ ബാഴ്സക്ക് അനുകൂലമായി ഒരു സെൽഫ് ഗോളും വന്നു. അവർ 0-2ൽ നിന്ന് 3-2ന് മുന്നിൽ എത്തി.
ബാഴ്സലോണ ജയത്തിലേക്ക് പോവുകയാണ് എന്ന് കരുതിയ സമയത്ത് 84ആം മിനുട്ടിൽ ഗുദെസിലൂടെ വിയ്യറയൽ സമനില നേടി. സ്കോർ 3-3. കളിയുടെ 90ആം മിനുട്ടിൽ സൊർലോതിലൂടെ വിയ്യറയലിന്റെ നാലാം ഗോൾ. പിന്നാലെ മൊരാലസിന്റെ വക വിജയം ഉറപ്പിച്ച അഞ്ചാം ഗോളും. സ്കോർ 3-5.
ഈ പരാജയം ബാഴ്സലോണയെ ലീഗിൽ 44 പോയിന്റുമായി മൂന്നാമത് നിർത്തുകയാണ്. അവർ ഒന്നാമതുള്ള റയലിനെക്കാൾ 10 പോയിന്റ് പിറകിലാണ് ഇപ്പോൾ ഉള്ളത്.