സീസണോടെ ടീം വിടുന്ന ക്യാപ്റ്റൻ സെർജിയോ ബുസ്ക്വറ്റ്സിന് പകരക്കാരനെ എത്തിക്കുന്നതിന് ട്രാൻസ്ഫർ വിൻഡോയിൽ പ്രഥമ പരിഗണന കൊടുക്കുമെന്ന് വ്യക്തമാക്കി സാവി ഹെർണാണ്ടസ്. റയൽ സോസിഡാഡുമായുള്ള ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമ പ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ബുസ്ക്വറ്റ്സ് ടീം വിടുമെന്ന് ഉറപ്പായതോടെ ഒരു ഡിഫെൻസിവ് മിഡ്ഫീൽഡറെ എത്തിക്കാൻ തന്നെയാണ് തങ്ങൾ ആദ്യം ശ്രമിക്കുക. തന്റെ തീരുമാനം അദ്ദേഹം അറിയിച്ചു കഴിഞ്ഞു. അടുത്ത സീസണിലും ആരൊക്കെ ടീമിൽ തുടരും എന്നതും ഇപ്പോൾ തന്നെ തീരുമാനം ആയിട്ടുണ്ട്”. സാവി പറഞ്ഞു.
റയൽ സോസിഡാഡ് താരം മർട്ടിൻ സുബിമെന്റിയെ കുറിച്ചുള്ള ചോദ്യത്തിനും സാവി പ്രതികരിച്ചു. സ്പാനിഷ് താരത്തെ പുകഴ്ത്തിയ സാവി, സുബിമെന്റി ബാഴ്‍സലോണ ശൈലിക്ക് ഇണങ്ങിയ താരമാണെന്ന് പറഞ്ഞു. “റയൽ സോസിഡാഡ് എനിക്ക് ഇഷ്ടമുള്ള ടീമാണ്. ബാഴ്‌സയുടെത് പോലെയാണ് അവരുടെയും കേളിശൈലി. സുബിമെന്റി അസാമാന്യമായ കഴിവുകൾ ഉള്ള താരമാണ്. ബാഴ്‌സയിലെ രീതികൾ അദ്ദേഹത്തിന് അറിയാം. പന്ത് കൈവശം വെച്ചും അല്ലാതെയും മത്സരം നിയന്ത്രിക്കാനും താരത്തിന് കഴിയും.”, സാവി പറഞ്ഞു. എങ്കിലും സുബിമെന്റിയെ എത്തിക്കുന്നത് ബാഴ്‌സക്ക് ഇപ്പോഴും അപ്രാപ്യം തന്നെ ആവും എന്നാണ് വിലയിരുത്തൽ. തങ്ങളുടെ മുഖ്യ താരങ്ങളിൽ ഒരാൾ ആയ സുബിമെന്റിക്ക് വേണ്ടി അറുപത് മില്യൺ യൂറോ എങ്കിലും ആണ് സോസിഡാഡ് പ്രതീക്ഷിക്കുന്നത്. ആഴ്‌സനൽ അടക്കം വമ്പൻ ടീമുകളും താരത്തിന് പിറകെ ഉണ്ട്.
Download the Fanport app now!