പൊരുതി വീണ് ഒസാസുന, വീണ്ടുമൊരു ഏക ഗോൾ വിജയത്തിൽ ബാഴ്‌സലോണ

Nihal Basheer

Fvjy3u3x0buup1f
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രതിരോധ കോട്ട കെട്ടി ഇറങ്ങിയ ഒസാസുനക്ക് മുൻപിൽ ഭൂരിഭാഗം സമയവും ഗോൾ കണ്ടെത്താൻ ആവാതെ വിയർത്ത ബാഴ്‌സക്ക്, ഒടുവിൽ ജോർഡി ആൽബയുടെ ഗോൾ തുണയായി എത്തിയപ്പോൾ ലീഗിൽ മറ്റൊരു വിജയം. പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും തളരാതെ ഉറച്ചു നിന്ന ഒസാസുന മത്സരം തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഗോൾ വഴങ്ങുക ആയിരുന്നു. ലീഗിൽ 26ആം വിജയം നേടിയ ബാഴ്‌സക്ക് സമ്പാദ്യം 82 പോയിന്റ് ആക്കി ഉയർത്തി. ഒസാസുന ഒൻപതാം സ്ഥാനത്താണ്.
Fvjxrt7wwa8b K
കോപ്പ ഡെൽ റെ ഫൈനലിൽ റയലിനെ നേരിടാനുള്ളതിനാൽ പല താരങ്ങൾക്കും വിശ്രമം അനുവദിച്ചാണ് ഒസാസുന ഇറങ്ങിയത്. തുടക്കം മുതൽ പിൻ നിരയിൽ കോട്ട കെട്ടി അവർ നയം വ്യക്തമാക്കി. തുടക്കത്തിൽ അവസരങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടിയ ബാഴ്‌സ പിന്നീട് ലഭിച്ച സുവർണാവസരങ്ങൾ വരെ മുതലാക്കാതെ വന്നതോടെ ഗോൾ പിറക്കാതെ മത്സരം മുന്നേറി. റാഫിഞ്ഞയും ബാൾടേയും ബാഴ്‌സലോണ മുന്നേറ്റങ്ങൾക്ക് ചരട് വലിച്ചു. ഫ്രാങ്കി ഡി യോങ്ങിന്റെ ക്രോസുകളിൽ കുണ്ടേ പല തവണ ഗോളിന് അടുത്തെത്തി. 28ആം മിനിറ്റിൽ പെഡ്രിയെ ഫൗൾ ചെയ്തതിന് ഹേരാണ്ടോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഒസാസുന പത്ത് പേരിലേക്ക് ചുരുങ്ങി. എന്നാൽ പ്രതിരോധത്തിൽ കൂടുതൽ ഉറച്ചു നിൽക്കുക ആയിരുന്നു ഇതോടെ അവരുടെ നീക്കം.

രണ്ടാം പകുതിയിൽ റാഫിഞ്ഞക്ക് പകരം ഡെമ്പലെ കളത്തിൽ എത്തി. പെഡ്രിയുടെ ഒന്നാന്തരമൊരു ക്രോസിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് ഡിയോങ് പന്ത് കീപ്പർക്ക് നേരെ അടിച്ചത് അവിശ്വസനീയമായി. ഫാറ്റിയുടെ ക്രോസിൽ ഡെമ്പലേക്കും ലക്ഷ്യം കാണാൻ ആയില്ല. ലെവെന്റോവ്സ്കി വല കുലുക്കിയത് ഓഫ്‌സൈഡ് വിധിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ രക്ഷകനായി ജോർഡി ആൽബ അവതരിച്ചു. ലെവെന്റോവ്സ്കി ബോക്സിനുള്ളിൽ നിന്നും ഉയർത്തി നൽകിയ ബോൾ ഫ്രാങ്കി മറിച്ചു നൽകിയപ്പോൾ പോസ്റ്റിന്റെ ഇടത് ഭാഗത്ത് തക്കം പാർത്തിരുന്ന ആൽബ വല കുലുക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ കൗണ്ടറിലൂടെ ലഭിച്ച അവസരം ഫാറ്റിക്ക് ലക്ഷ്യം കാണാൻ ആയില്ല. ഭൂരിഭാഗം സമയവും ബാഴ്‌സക്ക് തടയിട്ട ഒസാസുനക്ക് തോൽവി നിരാശ സമ്മാനിക്കും. ബാഴ്‌സക്ക് ആവട്ടെ മറ്റൊരു ക്ലീൻ ഷീറ്റ് കൂടി അക്കൗണ്ടിൽ ചേർക്കാൻ ആയി.