തകർപ്പൻ ജയവുമായി ബാഴ്‌സലോണ; ബുസ്ക്വറ്റ്സിനും ആൽബക്കും വികാരനിർഭരമായ യാത്രയയപ്പ്

Nihal Basheer

20230529 003706
Download the Fanport app now!
Appstore Badge
Google Play Badge 1

മയ്യോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കൊണ്ട് എഫ്സി ബാഴ്‌സലോണ സെർജിയോ ബുസ്ക്വറ്റ്സിന്റെയും ജോർഡി ആൽബയുടെയും ക്യാമ്പ് ന്യൂവിലെ അവസാന മത്സരം മധുരമേറിയ ഓർമകളുടെതാക്കി. ആൻസു ഫാറ്റിയുടെ ഇരട്ട ഗോളുകളും ഗവിയുടെ ഗോളുമാണ് ആതിഥേയർക്ക് ജയം സമ്മാനിച്ചത്. ബാഴ്‌സയുടെ സീസണിലെ അവസാന മത്സരം സെൽട്ട വീഗോയുടെ തട്ടകത്തിൽ നടക്കും. ജയത്തിനിടയിലും ബാൾടെ സാരമായി പരിക്കേറ്റ് കളം വിട്ടത് ടീമിന് തിരിച്ചടി ആയി.
20230529 003542
ടീം ക്യാപ്റ്റന്മാരുടെ യാത്രയയപ്പ് ഉജ്വലമാക്കാൻ ഒരുങ്ങി ഇറങ്ങിയ ബാഴ്‌സലോണ മത്സരത്തിന്റെ അൻപതാം സെക്കന്റിൽ തന്നെ ഗോൾ നേടി നിലപാട് വ്യക്തമാക്കി. ആൻസു ഫാറ്റിയാണ് വല കുലുക്കിയത്. ഗവിയുടെ പാസിൽ ബോക്സിനുളിൽ നിന്നും ലെവെന്റോവ്സ്കി മറിച്ചു നൽകിയ പന്തിൽ താരം ഗോൾ കണ്ടെത്തുകയായിരുന്നു. നിലവിലുള്ള ക്യാമ്പ് ന്യൂ സ്റ്റേഡിയത്തിന്റെയും അവസാന മത്സരം ആയതിനാൽ കാണികൾ തിങ്ങിക്കൂടിയിരുന്നു. പതിനാലാം മിനിറ്റിൽ ബാൾടെയെ ഫൗൾ ചെയ്തതിന് അമാത് ചുവപ്പ് കാർഡ് കണ്ടു കയറി. ബാൾടെ ഉടനെ കളം വിട്ടു. താരം ആഴ്ച്ചകളോളം പുരത്തിരിക്കേണ്ടി വരും എന്നാണ് സൂചന. ഇരുപത്തിനാലാം മിനിറ്റിൽ ഫാറ്റി വീണ്ടും വല കുലുക്കി. ഇത്തവണയും ലെവെന്റോവ്സ്കിയുടെ തന്ത്രപരമായ പാസ് ആണ് ഫാറ്റിക്ക് അസിസ്റ്റ് നൽകിയത്. പിന്നീട് ലെവെന്റോവ്സ്കിയുടെയും ഫാറ്റിയുടെയും ശ്രമങ്ങൾ തടഞ്ഞു കീപ്പർ മയ്യോർക്കയുടെ തുണക്കെത്തി.

രണ്ടാം പകുതിയിലും ബാഴ്‍സ ആക്രമണങ്ങൾ തുടർന്നു. ഡെമ്പലെയുടെ ഹെഡർ എതിർ താരം രക്ഷപ്പെടുത്തി. ലെവെന്റോവ്സ്കിയുടെ തുടർച്ചയായ ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയി. എഴുപതാം മിനിറ്റിൽ ഗവി വലകുലുക്കി. ഡെമ്പലെയുടെ പാസ് സ്വീകരിച്ച് താരം തൊടുത്ത ഇടം കാലൻ ഷോട്ട് നേരെ വലയിൽ പതിച്ചു. പിന്നീട് ആൽബയേയും ബസ്ക്വറ്റ്സിനെയും സാവി മിനിറ്റുകളുടെ ഇടവേളയിൽ പിൻവലിച്ചു. ആരാധകർ നിറഞ്ഞ കയ്യടികളോടെ ഇരുവർക്കും വിടവാങ്ങൽ നൽകി. വികാരമടക്കാൻ പാടുപെട്ട ആൽബ കണ്ണീർ വാർത്തു.