ലാലിഗയിൽ ബാഴ്സലോണക്ക് നിരാശ. ഇന്ന് നടന്ന പോരാട്ടത്തിൽ റയൽ സോസിഡാഡ് ബാഴ്സലോണയെ സമനിലയിൽ തളച്ചു. ആവേശകരമായ മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്. എവേ ഗ്രൗണ്ടിൽ ആരാധകർക്ക് നിരാശ നൽകുന്ന പ്രകടനമായിരുന്നു ബാഴ്സലോണ നൽകിയത്. മത്സരത്തിന്റെ 12ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സോസിഡാഡ് കളിയിൽ മുന്നിൽ എത്തി.
പക്ഷേ ശക്തമായി തിരിച്ചടിക്കാൻ ബാഴ്സലോണക്ക് ആയി. 49ആം മിനുട്ടിലേക്ക് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബാഴ്സലോണ 2-1ന്റെ ലീഡ് എടുത്തു. സുവാരാസും ഗ്രീസ്മനും ആയിരുന്നു ബാഴ്സലോണയുടെ ഗോളുകൾ നേടിയത്. പതറാതെ കളിച്ച റയൽ സോസിഡാഡ് 62ആം മിനുട്ടിൽ ഇസാകിലൂടെ സമനില പിടിച്ചു. ഈ സമനില ബാഴ്സലോണയുടെ ലീഗിലെ ഒന്നാം സ്ഥാനം ഭീഷണിയിലാക്കി. ബാഴ്സക്ക് 35 പോയന്റും റയലിന് 34 പോയന്റുമാണ് ഉള്ളത്. റയൽ നാളെ വലൻസിയയെ നേരിടും. ആ കളി ജയിച്ചാൽ റയലിന് ഒന്നാമത് എത്താം. എൽ ക്ലാസികോയ്ക്ക് തൊട്ടുമുമ്പ് വഴങ്ങിയ ഈ സമനില ബാഴ്സയെ കൂടുതൽ സമ്മർദ്ദത്തിലാക്കും.