ആസ്പിലികേറ്റക്ക് വേണ്ടി വീണ്ടും ചെൽസിയെ സമീപിക്കാൻ ബാഴ്‌സലോണ

20220729 195416

ജൂൾസ് കുണ്ടേയെ എത്തിച്ചതിന് പിറകെ തങ്ങളുടെ അടുത്ത ലക്ഷ്യമായ ചെൽസി ക്യാപ്റ്റൻ ആസ്പിലികേറ്റക്ക് വേണ്ടിയുള്ള ശ്രമങ്ങൾ വീണ്ടും പുനരാരംഭിക്കാൻ ബാഴ്‌സലോണ. താരവുമായി നേരത്തെ ചർച്ചകൾ നടത്തി ധാരണയിൽ എത്താൻ ബാഴ്‌സക്ക് കഴിഞ്ഞിരുന്നു. എങ്കിലും ചെൽസിയുമായുള്ള ചർച്ചകൾ മുന്നോട്ടു പോയിരുന്നില്ല. കുണ്ടേ കൂടി എത്തിയതോടെ തങ്ങളുടെ ശ്രദ്ധ മുഴുവൻ ആസ്പിലികേറ്റയുടെ കൈമാറ്റത്തിൽ കേന്ദ്രികരിക്കാനും ബാഴ്‌സലോണക്ക് സാധിക്കും.

ബാഴ്‌സയിലോട്ടു പോകാൻ ആണ് ടീം ക്യാപ്റ്റൻ കൂടിയായ ആസ്പിലികേറ്റയുടെ ആഗ്രഹമെങ്കിലും ചെൽസി മാനേജ്‌മെന്റിന്റെയും ആരാധകരുടെയും അനിഷ്ടത്തിന് പാത്രമാവാനും താരത്തിന് താൽപര്യമില്ല. ഇരു ടീമുകളും ധാരണയിൽ എത്തിയാൽ മാത്രമേ കൈമാറ്റത്തിന് ആസ്പി പൂർണ സമ്മതം മൂളുകയുള്ളൂ എന്നുറപ്പാണ്. ചെൽസി കൂടിയ തുക ആവശ്യപ്പെട്ടാലും ബാഴ്‌സലോണക്ക് കൈമാറ്റം ബുദ്ധിമുട്ടാകും.

വലത് ബാക്ക് സ്ഥാനത്തേക്കാണ് ബാഴ്‌സലോണ ചെൽസി താരത്തെ പരിഗണിക്കുന്നത്. നിലവിൽ യുവതാരം സെർജിന്യോ ഡെസ്റ്റ് മാത്രമാണ് ഈ സ്ഥാനത്ത് ടീമിൽ ഉള്ളത്. സെർജി റോബർട്ടോയും ഉണ്ടെങ്കിലും, പരിക്കും ഫോമില്ലായിമയും കാരണം വലയുന്ന താരത്തെ സാവി പരിഗണിക്കുമോ എന്നുറപ്പില്ല.