കഴിഞ്ഞ സീസണിന്റെ പകുതിയിൽ മാത്രം ബാഴ്സലോണയിൽ എത്തിയ താരമാണ് ഔബമയങ്. വെർനർ, ലുക്കാകു എന്നിവർക്ക് ടീമിന് പുറത്തേക്കുള്ള വഴി കണ്ടെത്തിയ ചെൽസി മുന്നേറ്റത്തിലേക്ക് പകരക്കാരനായി എത്തിക്കാൻ ശ്രമിക്കുന്നതും ഔബമയങിനെയാണ്. എന്നാൽ ഇപ്പോൾ താരത്തെ കൈമാറണമെങ്കിൽ ഉയർന്ന തുക അവശ്യപ്പെട്ടിരിക്കുകയാണ്. മുപ്പത് മില്യൺ യൂറോയോളമാണ് ബാഴ്‌സലോണ ആവശ്യപ്പെടുന്ന തുക. ഇത് ഏകദേശം ചെൽസി നൽകാൻ ഉദ്ദേശിക്കുന്നതിന്റെ ഇരട്ടിയോളം വരും. ഇത്രയും ഉയർന്ന തുക നൽകാൻ അവർ തയ്യാറാകുമോ എന്നുറപ്പില്ല. ടൂഷൽ നേരിട്ട് താൻ മുൻപ് പരിശീലിപ്പിച്ച താരം കൂടിയായ ഔബമയങിനെ ബന്ധപ്പെട്ടിരുന്നു എങ്കിലും ബാഴ്‌സ വിടാനുള്ള സമ്മതം അറിയിച്ചിരുന്നില്ല. പതിവ് പോലെ ചെൽസിക്ക് ഒരിക്കലും എളുപ്പമല്ലാത്ത മറ്റൊരു കൈമാറ്റ നീക്കമായി ഇതും മാറുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
അതേ സമയം മെംഫിസ് ഡീപെയെ യുവന്റസിലേക്ക് കൈമാറാൻ ഉദ്ദേശിക്കുന്ന ബാഴ്‌സലോണ ഔബമയങ്ങിനേയും കൂടെ കൈമാറാൻ ശരിക്കും താല്പര്യപ്പെടുന്നുണ്ടോ എന്നുള്ളത് സംശയമാണ്. രണ്ടു താരങ്ങളെയും ഒരുമിച്ചു നഷ്ടമായാൽ പിന്നെ ലെവെന്റോവ്സ്കി മാത്രമാകും ടീമിലെ സ്‌ട്രൈക്കർ. ഡീപെയെ ഫ്രീ ഏജന്റ് ആക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്നതിനാൽ ഔബമയങിന് ഉയർന്ന തുക ചോദിക്കാതെ ബാഴ്‌സലോണക്ക് നിർവാഹമില്ല. അതേ സമയം കോച്ച് സാവിക്ക് മുന്നേറ്റ താരത്തെ ടീമിൽ നിലനിർത്തുന്നതാണ് താൽപര്യം. ആവശ്യമായ തുക ലഭിച്ചാൽ നിലവിലെ ടീമിന്റെ പ്രശ്നമായ റൈറ്റ് ബാക്ക് സ്ഥാനത്തേക്കുള്ള താരത്തെയും മറ്റൊരു ലക്ഷ്യമായ ബെർണാഡോ സിൽവക്കും വേണ്ടിയുള്ള നീക്കങ്ങൾ ശക്തിപ്പെടുത്താം എന്നതുമാണ് ബാഴ്‌സലോണ മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നത്.
Story Highlight: Barcelona Aubameyang chelsea talks