നിർണായക വിജയം, അത്ലറ്റിക്കോ മാഡ്രിഡിന് ലാലിഗ കിരീടം രണ്ടു വിജയം മാത്രം അകലെ

20210513 094212

ലാലിഗയിൽ കിരീട പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് വലിയ മുൻതൂക്കം. ഇന്നലെ റയൽ സോസിഡാഡിനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് 2-1നാണ് വിജയിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിന് ശേഷിക്കുന്നതിൽ ഏറ്റവും വിഷമമുള്ള മത്സരം ആയിരുന്നു ഇത്. അതിൽ വിജയിക്കാൻ ആയതോടെ അത്ലറ്റിക്കോ മാഡ്രിഡ് കിരീടത്തിന് അടുത്തെത്തി.

ആദ്യ പകുതിയിൽ 28 മിനുട്ട് കൊണ്ട് തന്നെ അത്ലറ്റിക്കോ മാഡ്രിഡ് രണ്ട് ഗോളിന്റെ ലീഡിൽ എത്തി. കരാസ്കോ ആണ് 16ആം മിനുട്ടിൽ അത്ലറ്റിക്കോയ്ക്ക് ലീഡ് നൽകിയത്. യൊറന്റയുടെ പാസിൽ നിന്നായിരുന്നു കരാസ്കോയുടെ ഗോൾ. ഈ രണ്ടു പേർ പല ഘട്ടങ്ങളിലായി ഈ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ രക്ഷയ്ക്ക് എത്തിയിട്ടുണ്ട്. ഈ ഗോളിന് പിന്നാലെ 28ആം മിനുട്ടിൽ സുവാരസിന്റെ പാസിൽ നിന്ന് കൊറെയ രണ്ടാം ഗോളും നേടി. കളിയുടെ അവസാന നിമിഷങ്ങളിൽ ആയിരുന്നു സുബൈൽദയിലൂടെ സോസിഡാഡ് ആശ്വാസ ഗോൾ നേടിയത്.

വിജയത്തോടെ 36 മത്സരങ്ങളിൽ 80 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താൻ അത്കറ്റിക്കോയ്ക്ക് ആയി. രണ്ടാമതുള്ള ബാഴ്സലോണക്കു 76 പോയിന്റും മൂന്നാമതുള്ള റയലിനും 75 പോയിന്റ് വീതമാണ് ഉള്ളത്. റയൽ ഒരു മത്സരം കുറവാണ് കളിച്ചത്.

Previous articleഹാരി മഗ്വയർ പ്രീമിയർ ലീഗിലെ അവസാന മൂന്ന് മത്സരങ്ങളിൽ കളിക്കില്ല
Next articleഏഴ് ഗോളടിച്ച് മിലാൻ, ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അടുത്ത്