ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളുകൾ നേടി അത്ലറ്റിക്കോ മാഡ്രിഡിനെതിരെ വലൻസിയയുടെ തിരിച്ചുവരവ്

ലാലിഗയിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡും വലൻസിയയും സമനിലയിൽ പിരിഞ്ഞു. വലൻസിയയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ത്രില്ലറിൽ 92ആം മിനുട്ട് വരെ 3-1ന് മുന്നിട്ടു നിന്ന ശേഷമാണ് അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങിയത്. ഇന്ന് മത്സരത്തിന്റെ 35ആം മിനുട്ടിൽ സുവാരസിന്റെ ഗോളോടെ ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് ആദ്യം ലീഡ് എടുത്തത്. സുവാരസിന്റെ ഈ സീസണിലെ ഏഴാം ലീഗ് ഗോളായിരുന്നു ഇത്.

ഇതിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ വലൻസിയ മറുപടി നൽകി. പക്ഷെ ആ ഗോളിന് ശേഷം അത്ലറ്റിക്കോ മാഡ്രിഡിന്റെ ആധിപത്യം കണ്ടു. 58ആം മിനുട്ടിൽ ഗ്രീസ്മന്റെ ഒരു ലോങ്റേഞ്ചർ അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് തിരികെ നൽകി. 62ആം മിനുട്ടിലെ വർസാലികോയുടെ ഗോൾ 3-1ന് സിമിയോണിയുടെ ടീമിനെ മുന്നിൽ എത്തിക്കുകയും ചെയ്തു.

വിജയവും 3 പോയിന്റും കിട്ടി എന്ന് കരുതിയ അത്ലറ്റിക്കോ മാഡ്രിഡിനെ ഞെട്ടിച്ചു കൊണ്ട് ഇഞ്ച്വറി ടൈമിൽ ഹ്യൂഗോ ദുരോ ഇരട്ട ഗോളുകൾ നേടി. 92ആം മിനുട്ടിലും 97ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. ഫൈനൽ വിസിൽ വന്നപ്പോൾ സ്കോർ 3-3. ഈ സമനില അത്ലറ്റിക്കോ മാഡ്രിഡിനെ 23 പോയിന്റുമായി നാലാമത് നിർത്തുക ആണ്. വലൻസിയ പത്താം സ്ഥാനത്താണ്.