എൽഷേയോടെറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്നും തിരിച്ച് വന്ന അത്ലറ്റികോ മാഡ്രിഡിന് ലാ ലീഗയിൽ ഒസാസുനക്കെതിരെ ജയം. സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയം കണ്ട സിമിയോണിയുടെ ടീം ഇതോടെ ചാമ്പ്യൻസ് ലീഗ് സ്ഥാനവും ഉറപ്പിച്ചു. കരാസ്കൊ, സോൾ, ഏഞ്ചൽ കൊറിയ എന്നിവർ ആണ് വല കുലുക്കിയത്. തോൽവി ഒസാസുനയുടെ ഒൻപതാം സ്ഥാനത്തിന് ഭീഷണി ആയി. അടുത്ത മത്സരത്തിൽ വലൻസിയയെ കീഴടക്കിയാൽ റയൽ മാഡ്രിഡിന് രണ്ടാം സ്ഥാനത്തേക്ക് തിരികെ എത്താം.
അത്ലറ്റികോയുടെ തുടർച്ചയായ കോർണാറുകളിലൂടെയാണ് മത്സരം ആരംഭിച്ചത്. ചിമി അവിയ്യയുടെ ഷോട്ടുകളും ബുഡിമിറിന്റെ ശ്രമങ്ങളും ആണ് ഒസാസുനയുടെ ഭാഗത്ത് നിന്നും വന്നത്. ഒൻപതാം മിനിറ്റിൽ കരസ്കൊയുടെ ഹെഡർ ശ്രമം കീപ്പർ തടുത്തു. ഇടവേളക്കു തൊട്ടു മുൻപ് അത്ലറ്റികോ ലീഡ് എടുത്തു. അന്റോണിയോ ഗ്രീസ്മാന്റെ പാസിൽ നിന്നും കരസ്കൊ ആണ് വല കുലുക്കിയത്.
രണ്ടാം പകുതിയിൽ പരിക്കേറ്റ മൊറാടക്ക് പകരം ഏഞ്ചൽ കൊറിയയുമായിട്ടാണ് അത്ലറ്റികോ ഇറങ്ങിയത്. സമനില ഗോളിനായി ഒസാസുന ശ്രമങ്ങൾ നടത്തി. ഐമറിന്റെ ശ്രമം അത്ലറ്റികോ കീപ്പർ തടുത്തപ്പോൾ റൂബൻ പെന്യായുടെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. അറുപത്തിരണ്ടാം മിനിറ്റിൽ അത്ലറ്റികോ വീണ്ടും ഗോൾ നേടി. ബോക്സിലേക്ക് ഡി പോൾ നൽകിയ പാസ് ഓടിയെടുത്ത സോൾ ആണ് വല കുലുക്കിയത്. 82ആം മിനിറ്റിൽ എതിർ പ്രതിരോധത്തെ മറികടന്ന് ഗ്രീസ്മാൻ നൽകിയ പന്ത് മികച്ച ഫിനിഷിങ്ങിലൂടെ വലയിൽ എത്തിച്ച് ഏഞ്ചൽ കൊറിയ പട്ടിക പൂർത്തിയായി. തുടർച്ചയായ പതിനൊന്നാം വർഷമാണ് അത്ലറ്റികോ ചാമ്പ്യൻസ് ലീഗിലേക്ക് എത്തുന്നത്.