റയലിന് “തല” വേദന സമ്മാനിച്ച് അത്ലറ്റികോ മാഡ്രിഡ്; സീസണിലെ ആദ്യ തോൽവി നേരിട്ട് ലോസ് ബ്ലാങ്കോസ്

Nihal Basheer

Screenshot 20230925 014256 Brave
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് അത്ലറ്റികോ മാഡ്രിഡ്. മെട്രോപൊളിറ്റാനൊയിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സിമിയോണിയുടെയും സംഘത്തിന്റെയും വിജയം. അൽവാരോ മൊറാട ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗ്രീസ്മൻ ടീമിന്റെ മറ്റൊരു ഗോൾ കുറിച്ചു. മൂന്ന് ഗോളുകളും ഹെഡറിലൂടെയാണ് പിറന്നത്. ക്രൂസ് റയലിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റയൽ. അത്ലറ്റികോ അഞ്ചാമതാണ്.
20230925 023224
സ്വന്തം തട്ടകത്തിൽ രണ്ടും കല്പിച്ചു തന്നെയാണ് അത്ലറ്റികോ മാഡ്രിഡ് ഇറങ്ങിയത്. ആദ്യ നിമിഷങ്ങളിൽ റയലിന് താളം കണ്ടെത്താനും ആയില്ല. നാലാം മിനിറ്റിൽ തന്നെ മൊറാട എതിർ വലയിൽ പന്തെത്തിച്ചു. ഇടത് വിങ്ങിൽ നിന്നും സാമുവൽ ലിനോയുടെ തകർപ്പൻ ഒരു ക്രോസ് സ്പാനിഷ് സ്‌ട്രൈക്കർ ഹെഡറിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. ഹിമിനസിന്റെ ഹെഡർ ശ്രമം പുറത്തേക്ക് പോയി. 18ആം മിനിറ്റിൽ ഗ്രീസ്മാൻ ലീഡ് ഇരട്ടിയാക്കി. ആദ്യ ഗോളിന്റെ അതേ മാതൃകയിൽ ആയിരുന്നു രണ്ടാം ഗോളും. സൗളിന്റെ ക്രോസിൽ നിന്നും ഗ്രീസ്മാൻ ഹെഡർ ഉതിർത്ത് ഗോൾ കണ്ടെത്തുകയായിരുന്നു. ലൊറന്റെയുടെ പാസിൽ നിന്നും ബോക്സിനുള്ളിൽ സൗളിന്റെ ശ്രമം തടഞ്ഞു കൊണ്ട് കെപ റയലിനെ മത്സരത്തിൽ നിലനിർത്തി. 35ആം മിനിറ്റിൽ ക്രൂസിലൂടെ റയൽ സമനില ഗോൾ കണ്ടെത്തി. ബോക്സിന് തൊട്ടു പുറത്തു വെച്ചും പന്ത് ലഭിച്ച താരം ലോറന്റെയെ ഡ്രിബിൾ ചെയ്ത ശേഷം തൊടുത്ത ശക്തിയേറിയ ഷോട്ട് ഒബ്ലാക്കിന് പിടി കൊടുക്കാതെ വലയിൽ പതിച്ചു. ഇതോടെ ഊർജം വീണ്ടെടുത്ത റയൽ മത്സരത്തിലേക്ക് തിരിച്ചു വന്നു. അത്ലറ്റികോ പ്രതിരോധം പലപ്പോഴും വിറക്കാനും തുടങ്ങി. ആദ്യ പകുതിയുടെ മുഴുവൻ സമയത്തിന് തൊട്ടു മുൻപ് കമാവിംഗ പന്ത് വലയിൽ എത്തിച്ചെങ്കിലും നീക്കത്തിനിടയിൽ ബെല്ലിങ്ഹാമിന്റെ ക്രോസ് ബോക്സിലേക്ക് വരവെ റൂഡിഗർ ഓഫ്‌സൈഡ് ആയിരുന്നതായി റഫറി പ്രഖ്യാപിച്ചു. താരം പന്തിൽ ടച്ച് എടുത്തില്ലെന്ന് മാഡ്രിഡ് താരങ്ങൾ പ്രതിഷേധം ഉയർത്തി എങ്കിലും റഫറി ചെവി കൊണ്ടില്ല. പിന്നീട് റോഡ്രിഗോയെ വീഴ്ത്തിയതിന് ഹിമിനസ് മഞ്ഞക്കാർഡ് കണ്ടു.

രണ്ടാം പകുതിയിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ എത്തിയത്. മോഡ്രിച്ചിന് പകരം ഹോസെലു കളത്തിൽ എത്തി. 46ആം മിനിറ്റിൽ തന്നെ മൊറാട അത്ലറ്റികോയുടെ ലീഡ് തിരിച്ചു പിടിച്ചു. ഗ്രീസ്മാന്റെ പസ് സ്വീകരിച്ച് സൗൾ തൊടുത്ത ക്രോസിൽ നിന്നും ഒരിക്കൽ കൂടി ഹെഡറിലൂടെ മൊറാട വല കുലുക്കി. പിന്നീട് ഹെർമോസോയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു. ചൗമേനി അടക്കം അൻസലോട്ടി മാറ്റങ്ങൾ കൊണ്ടു വന്നതോടെ റയൽ മത്സരം പതിയെ നിയന്ത്രണത്തിൽ ആക്കി. എന്നാൽ അത്ലറ്റികോ പ്രതിരോധം ഉറച്ചു തന്നെ നിന്നു. റൂഡിഗറുടേയും ചൗമേനിയുടെയും ഷോട്ടുകൾ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയപ്പോൾ ബ്രാഹീം ഡിയാസിന്റെ ശ്രമം കീപ്പർ തടുത്തു. അവസാന നിമിഷം കൊറിയയെ ഫൗൾ ചെയ്തതിന് ബെല്ലിങ്ഹാം മഞ്ഞക്കാർഡും നേടി.