അൻസു ഫതി മാജിക്ക്, കോമാന്റെ ബാഴ്സലോണക്ക് സ്വപ്ന തുടക്കം

Img 20200928 005456
- Advertisement -

ബാഴ്സലോണയിലെ കോമാൻ യുഗത്തിന് സ്വപ്ന തുടക്കം എന്ന് തന്നെ പറയാം. ഇന്ന് ലലിഗയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ബാഴ്സലോണ വിയ്യറയലിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തോൽപ്പിച്ചത്. 17കാരനായ അൻസു ഫതിയാണ് ഇന്ന് ബാഴ്സലോണയുടെ താരമായി മാറിയത്. ഫതി ഇരട്ട ഗോളുകളും ഒപ്പം ഒരു അസിസ്റ്റുമാണ് ഇന്ന് ഒരുക്കിയത്. ഫതിയുടെ പ്രകടനം അത്രയ്ക്ക് മികച്ചതായിരുന്നു.

മത്സരം ആരംഭിച്ച് ആദ്യ 19 മിനുട്ടിൽ തന്നെ അൻസു രണ്ട് ഗോളുകൾ നേടിയിരുന്നു. ആദ്യം 14ആം മിനുട്ടിൽ ജോർദി ആൽബയുടെ പാസിൽ നിന്നായിരുന്നു ഫതിയുടെ ഗോൾ. പിന്നാലെ 19ആം മിനുട്ടിൽ കൗട്ടീനീയുടെ പാസിൽ നിന്ന് ഫതി രണ്ടാം ഗോളും നേടി. തുടർന്നും ആക്രമണം തുടർന്ന ബാഴ്സലോണ 35ആം മിനുട്ടിൽ മെസ്സിയുടെ പെനാൾട്ടിയിലൂടെ മൂന്നാം ഗോൾ നേടി. ആ പെനാൾട്ടി നേടിക്കൊടുത്തത് അൻസു ഫതി ആയിരുന്നു.

ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു സെൽഫ് ഗോളിലൂടെ ബാഴ്സലോണക്ക് നാലാം ഗോളും ലഭിച്ചു. രണ്ടാം പകുതിയിൽ ആ ലീഡ് നില നിർത്താൻ ബാഴ്സക്ക് ആയി. ഈ വിജയം ടീമിന് അവരുടെ ആത്മവിശ്വാസം തിരികെ നൽകും. കോമാനിൽ ആരാധകർക്ക് വിശ്വാസം നൽകാനും ഈ ജയം കൊണ്ട് സാധിക്കും.

Advertisement