സീസണോടെ ബാഴ്‌സലോണ വിടാനുള്ള മാത്യു അലെമാനിയുടെ തീരുമാനത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. നിലവിൽ ബാഴ്‌സലോണയുടെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന അലെമാനി ടീം വിടില്ല എന്ന് സ്പാനിഷ് മാധ്യമങ്ങൾ സ്ഥിരീകരിച്ചു. നേരത്തെ ആസ്റ്റൻവില്ലയുമായി ധാരണയിൽ എത്തിയ അദ്ദേഹം ജൂണിന് ശേഷം പ്രീമിയർ ലീഗ് ക്ലബ്ബിലേക് ചേക്കേറും എന്നായിരുന്നു വാർത്തകൾ. വരുമാനത്തിൽ വലിയ വർധനവ് അടക്കം ആസ്റ്റൻവില്ല വാഗ്ദാനം ചെയ്തിരുന്നെങ്കിലും ടീമുമായി ഔദ്യോഗിക കരാറിൽ ഒന്നും അലെമാനി ഒപ്പിട്ടിരുന്നില്ല എന്ന് ഫാബ്രിസിയോ റൊമാനൊ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മനംമാറ്റത്തിൽ കാരണം വ്യക്തമല്ലെങ്കിലും ഇത് ബാഴ്‌സലോണ ടീമിന് വലിയ ആശ്വാസം തന്നെയെന്നതിൽ സംശയമില്ല.
അലെമാനി ടീം വിടുന്നതായി പ്രഖ്യാപിച്ചു കൊണ്ട് ബാഴ്‌സലോണ ഔദ്യോഗിക കുറിപ്പും ഇറക്കിയിരുന്നു. അദ്ദേഹത്തിന്റെ പുതിയ തീരുമാനവും ലപോർട ഉടൻ അംഗീകരിച്ചതായാണ് സൂചന. നേരത്തെ അലെമാനിക്ക് പകരക്കാരനായി ഡെക്കോയെ കൊണ്ടു വരാനുള്ള നീക്കങ്ങൾ ബാഴ്‌സ തുടങ്ങിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ടീം വിടുന്ന മറ്റൊരു ഭാരവാഹി ആയ ജോർഡി ക്രൈഫിന്റെ സ്ഥാനത്തേക്ക് ആവും ഡെക്കോ എത്തുകയെന്നാണ് സൂചന. 2024വരെയാണ് നിലവിലെ കരാറിൽ അലെമാനിക്ക് ബാഴ്‌സയിൽ തുടരാൻ ആവുക. പുതിയ തീരുമാനം ട്രാൻസ്ഫർ മാർക്കറ്റിലും ടീമിന് ഊർജമാവുമെന്ന കാര്യത്തിൽ സംശയമില്ല.
Download the Fanport app now!