ലോക ഫുട്ബോളിലെ എന്നല്ല, മറ്റ് കായിക ഇനങ്ങൾ പരിഗണിച്ചാൽ പോലും വരുമാന കാര്യത്തിൽ ഡീഗോ സിമിയോണിക്ക് മുൻപിൽ ആരുമില്ല. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കോച്ച്. സാക്ഷാൽ പെപ്പിന്റെയും ജോസ് മൗറീഞ്ഞോയുടെയും ഇരട്ടിയോളം വരുന്ന വാർഷിക ശമ്പളം. അപ്പോൾ അദ്ദേഹത്തിന്റെ മനം മയക്കാൻ എത്ര തുകയുടെ ഓഫർ മുന്നോട്ടു വെക്കേണ്ടി വരും..?. സൗദി ക്ലബ്ബ് ആയ അൽ അഹ്ലി എന്നാൽ ഇത്തരമൊരു നീക്കത്തിൽ ആണെന്ന് സ്പാനിഷ് മാധ്യമമായ മാർക റിപ്പോർട്ട് ചെയ്യുന്നു. ടീം വാഗ്ദാനം ചെയ്യുന്ന തുക എത്രയെന്ന് റിപോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ സൗദിയിലെ ഏറ്റവും ഉയർന്ന ശമ്പളം തന്നെയാണ് സിമിയോണിക്ക് മുൻപിൽ സമർപ്പിച്ചിരിക്കുന്നത്. ലൂയിസ് കാസ്‌ട്രോയെ അൽ നാസർ പരിശീലക സ്ഥാനത്തേക്ക് എത്തിച്ചതിനു പിറകെയാണ് രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ക്ലബ്ബുകളിൽ ഒന്നായ അൽ അഹ്ലിയും ലോകോത്തര കോച്ചിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നത്.
എഡ്വാർഡോ മെന്റിയെ ചെൽസിയിൽ നിന്നെത്തിച്ച അഹ്ലി, റോബർട്ടോ ഫിർമിനോയേയും ഫ്രീ ഏജന്റ് ആയി കൊണ്ടു വന്നു. ഇതിന് പിറകെയാണ് സൂപ്പർ കോച്ചിന് മുൻപിൽ ഓഫറുമായി വരുന്നത്. എന്നാൽ സിമിയോണി ഓഫർ അംഗീകരിക്കുമോ എന്നുറപ്പില്ല. നിലവിൽ അത്ലറ്റികോ മാഡ്രിഡുമായി അടുത്ത സീസണിലേക്ക് കൂടിയാണ് അദ്ദേഹത്തിന് കരാർ ഉള്ളത്. ഇത് പുതുക്കുന്നതിനെ കുറിച്ചും ഇതുവരെ സൂചന ലഭിച്ചിട്ടില്ല. എന്നാൽ ടീമിനെ യൂറോപ്പിലെ തന്നെ ശക്തികളിൽ ഒന്നായി വളർത്തിയ കോച്ചിനെ പിരിയാൻ അത്ലറ്റികോ മാഡ്രിഡിനും തിരിച്ച് കോച്ചിനും താല്പര്യമുണ്ടാവില്ല എന്നുറപ്പാണ്. ഇതിനിടയിലാണ് സിമിയോണിയുടെ മനം മയക്കാൻ കഴിയുന്ന തരത്തിലുളള ഓഫറുമായി അൽ അഹ്ലി എത്തുന്നത്. മറ്റൊരു സൗദി ക്ലബ്ബ് ആയ ഇത്തിഫാഖ് കഴിഞ്ഞ ദിവസം ജെറാർഡിനേയും എത്തിച്ചിരുന്നു.
Download the Fanport app now!