പരിക്കേറ്റ് കുണ്ടേ, ഡെംബലെ; ആശങ്കയിൽ ഫ്രാൻസും ബാഴ്‌സയും

Nihal Basheer

20220923 120119

ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ജൂൾസ് കുണ്ടേയും ഒസ്മാൻ ഡെമ്പലേയും പരിക്കേറ്റ് കയറിയത് ആശങ്കയുണർത്തി. ഇരു താരങ്ങൾക്കും മത്സരം പൂർത്തിയാക്കാൻ ആയില്ല. ജൂൾസ് കുണ്ടേക്ക് ആദ്യ പകുതിയുടെ ഇരുപതാം മിനിറ്റിൽ തന്നെ തിരിച്ചു കൂടാരത്തിലേക്ക് കയറേണ്ടി വന്നു. ഇടത് തുടക്കുണ്ടായ പരിക്കാണ് താരത്തിന് തിരിച്ചടി ആയത്. പകരക്കാരൻ ആയി വില്യം സാലിബ എത്തി. ആദ്യ കാഴ്ച്ചയിൽ പരിക്ക് ഗുരുതരമാണെന്ന തോന്നൽ ആണുണ്ടാക്കിയത്. മുന്നേറ്റ താരം ഡെംബലെക്ക് രണ്ടാം പകുതിയിലാണ് പരിക്ക് വിനയായത്. എങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്ന സൂചന ഇല്ല.

കുണ്ടേ

ഇരു താരങ്ങളും അടുത്ത കാലത്ത് ദീർഘമായ പരിക്കിന്റെ പിടിയിൽ ആയിരുന്നു എന്നത് ബാഴ്‌സ ഫാൻസിനും ആശങ്ക ഉണർത്തുന്നുണ്ട്. ഇരുവരുടേയും പരിക്കിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം തന്നെ അറിയാൻ കഴിഞ്ഞേക്കും. ഇരു താരങ്ങളും ഫ്രാൻസിന്റെ അടുത്ത മത്സരത്തിൽ ഇറങ്ങിയേക്കില്ല.

ഇത് കൂടാതെ ഗോൾ കീപ്പർ മെയ്ഗ്നനേയും പരിക്കിന്റെ ആശങ്കയെ തുടർന്ന് ആദ്യ പകുതിയോടെ പിൻവലിക്കേണ്ടി വന്നിരുന്നു. കരീം ബെൻസിമ, കാൻറെ, പോഗ്ബ തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാം പരിക്കിന്റെ പിടിയിൽ ആയിരിക്കെ ഫ്രാൻസ് ടീമിൽ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. എങ്കിലും മികച്ച പകരക്കാർ ഉള്ളതിനാൽ അവരെ വെച്ച് ഈ താരങ്ങളുടെ അസാന്നിധ്യം മറികടക്കാൻ ദിദിയർ ഡെഷാംപ്സിന് കഴിഞ്ഞേക്കും.