കെ ലീഗിൽ ജയത്തോടെ സെമി ഉറപ്പിച്ച് കൈസും വി.സി.സിയും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മോശം കാലാവസ്ഥ മത്സരങ്ങൾക്ക് മുന്നിൽ തടസമായപ്പോൾ 3 ദിവസങ്ങൾക്കു ശേഷം കെ ലീഗിന് വീണ്ടും പുനരാരംഭം. രാവിലെ 3 മത്സരങ്ങളോടെയാണ് കെ ലീഗ് പുനരാരംഭിച്ചത്. ലീഗിലെ തങ്ങളുടെ അവസാനമത്സരം കളിക്കുന്ന കൈസിനു ഹെവൻസ്‌ ട്രീറ്റിനു എതിരായ മത്സരത്തിലെ ജയം സെമിഫൈനലിൽ സ്ഥാനം നൽകുമായിരുന്നു. നിർത്തിയിടത്തു നിന്നു കൈസ് തുടങ്ങിയപ്പോൾ എതിരില്ലാത്ത 6 ഗോളുകൾക്ക് ആണ് കൈസ് ഹെവൻസ്‌ ട്രീറ്റിനെ തകർത്തത്.

കളിയിലെ കേമനായ റിയാസിന്റെ ഹാട്രിക് മികവിലായിരുന്നു കൈസ് ജയം കണ്ടത്. ഷെഫീഖ് ഇരട്ടഗോൾ നേടി തിളങ്ങിയപ്പോൾ ബിലാൽ ആണ് കൈസിനായി 6 മത്തെ ഗോൾ നേടിയത്. ഇതോടെ ലീഗിൽ 6 മത്സരങ്ങൾ പൂർത്തിയാക്കിയ കൈസ് 5 മത്സരങ്ങൾ കളിച്ച യു.എഫ്.സിയെ മറികടന്നു 13 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ കൈസ് ഉണ്ടാവും എന്നു ഇതോടെ ഉറപ്പായി.

കരുത്തരുടെ പോരാട്ടത്തിൽ സെമി ഫൈനൽ ഉറപ്പിക്കാനായി ലീഗിലെ മൂന്നും നാലും സ്ഥാനക്കാരുടെ മുഖാമുഖത്തിൽ അഷ്ഹദുവിനെ തോൽപ്പിച്ച വി.സി.സിയും അവസാന നാലിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. പരുക്കൻ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വി.സി.സി ജയിച്ച് കയറിയത്. ഇരു ടീമുകളും 3 വീതം മഞ്ഞകാർഡ് കണ്ട മത്സരത്തിൽ അഷ്ഹദുവിന്റെ ഉബൈദുല്ല ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് അഷ്ഹദുവിനു വിനയായി.

മുൻ ഗോകുലം എഫ്.സി താരം ഉസ്‌മാൻ ആഷിഖ് അഷ്ഹദുവിനായി ഗോൾ നേടിയപ്പോൾ കളിയിലെ കേമനായ മുഹമ്മദ്, പെനാൽറ്റിയിലൂടെ നസീബ് എന്നിവരിലൂടെയായിരുന്നു വി.സി.സിയുടെ മറുപടി. ഇതോടെ 5 കളിയിൽ നിന്നു 10 പോയിന്റുമായി വി.സി.സി മൂന്നാം സ്ഥാനത്ത് എത്തി ഇത്ര തന്നെ കളികളിൽ നിന്നു 8 പോയിന്റ് ആണ് അഷ്ഹദുവിന്റെ സമ്പാദ്യം.

ഇന്നത്തെ മൂന്നാം മത്സരത്തിൽ ലീഗിലെ ഏറ്റവും ദുർബലരായ ജി.എസ്.എസ്.എസിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു ഗ്രീൻ ലാന്റ് തങ്ങളുടെ സെമി പ്രതീക്ഷകൾ സജീവമാക്കി. 5 കളികളിൽ നിന്ന് 7 പോയിന്റ്‌ ഉള്ള ഗ്രീൻ ലാന്റ് ഇപ്പോൾ അഞ്ചാം സ്ഥാനത്ത് ആണ്. അക്ബർ, ഇനാമുദ്ദീൻ, തൻവീർ എന്നിവരാണ് ഗ്രീൻ ലാന്റിന്റെ ഗോളുകൾ നേടിയത്. ഇനാമുദ്ദീൻ ആണ് കളിയിലെ കേമൻ. ഇപ്പോഴും കളിച്ച എല്ലാ കളിയും തോറ്റ ജി.എസ്.എസ്.എസിന്റെ കുഞ്ഞൻ പട ഇത്തവണ പ്രകടനം മെച്ചപ്പെടുത്തി അവസാനസ്ഥാനത്ത് തുടരുകയാണ്.

നാളെ രാവിലെ ലീഗിലെ അവശേഷിക്കുന്ന അവസാന മൂന്ന് മത്സരങ്ങളും അരങ്ങേറും. നാളെ ദുർബലരായ ഹെവൻസ്‌ ട്രീറ്റിനെ തോല്പിച്ചാൽ അഷ്ഹദുവിനു സെമിഫൈനലിൽ എത്താൻ ആവും. എന്നാൽ കരുത്തരായ യു.എഫ്.സിയെ നേരിടാൻ ഇറങ്ങുന്ന ഗ്രീൻ ലാന്റിന് അവരെ തോല്പിക്കുന്നതിനു പിറകെ അഷ്ഹദു തോൽവിയോ സമനിലയോ വഴങ്ങണം. യു.എഫ്.സിയും ജി.എസ്.എസ്.എസിനെ നേരിടുന്ന വി.സി.സിയും ആദ്യ രണ്ട് സ്ഥാനങ്ങൾ ആവും നാളെ ലക്ഷ്യമിടുക. ജി.എസ്.എസ്.എസിനെതിരെ 7 ഗോൾ മാർജിനിൽ ജയം നേടാൻ ആയാൽ വി.സി.സി ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നുറപ്പിക്കും. യു.എഫ്.സിക്ക് ആകട്ടെ ഒരു ജയം ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ മതിയാവും.