കേരള ബ്ലാസ്റ്റേഴ്സും ഗോകുലവും അണിനിരക്കുന്ന പ്രീസീസൺ ടൂർണമെന്റ് നടത്താൻ കെ എഫ് എ?

- Advertisement -

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഭാഗ്യമുണ്ട് എങ്കിൽ ഒരു വലിയ ഫുട്ബോൾ വിരുന്ന് തന്നെ ഉടൻ ലഭിക്കും. കേരള ഫുട്ബോൾ അസോസിയേഷൻ ഒരു പ്രീസീസൺ ടൂർണമെന്റ് നടത്താനുള്ള ചർച്ചകൾ നടത്തുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. നാലു ടീമുകൾ അടങ്ങുന്ന ഒരു ടൂർണമെന്റാണ് കെ എഫ് എ ലക്ഷ്യമിടുന്നത്. കേരളത്തിലെ രണ്ട് ദേശീയ ക്ലബുകൾ ആയ ഗോകുലം കേരള എഫ് സിയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ടൂർണമെന്റിൽ ഉണ്ടാകും. ഒപ്പം കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമും ടൂർണമെന്റിൽ പങ്കെടുക്കും.

നാലാമത്തെ ടീമായി ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ എത്തിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്. സന്തോഷ് ട്രോഫിക്കായി ഒരുങ്ങുന്ന കേരള ടീമിന് മത്സര പരിചയം കിട്ടും എന്നതാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. പ്രീസീസൺ പകുതിക്ക് അവസാനിപ്പിച്ച് വരേണ്ടി വന്ന കേരള ബ്ലാസ്റ്റേഴ്സിനും ഇങ്ങനെയൊരു ടൂർണമെന്റ് വലിയ ഗുണം നൽകും.

എറണാകുളം മഹാരാജാസ് സ്റ്റേഡിയം ആകും ടൂർണമെന്റിന് വേദിയാവുക. ചർച്ചകൾ ലക്ഷ്യത്തിൽ എത്തുകയാണെങ്കിൽ കേരളത്തിലെ വലിയ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയും പരസ്പരം ഏറ്റുമുട്ടുന്നത് ആദ്യമായി കാണാൻ കേരള ഫുട്ബോൾ ആരാധകർക്ക് ആകും. നേരത്തെ കെ പി എല്ലിൽ ഇരു ക്ലബുകളും ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും അത് റിസേർവ്സ് ടീമുകൾ ആയിരുന്നു.

Advertisement