ഋഷിയുടെ ബുള്ളറ്റ് ഗോളിനും കേരള യുണൈറ്റഡിനെ രക്ഷിക്കാൻ ആയില്ല

ഐ ലീഗ് യോഗ്യത റൗണ്ടിൽ കേരള യുണൈറ്റഡിന് രണ്ടാം പരാജയം. ഇന്ന് ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ഡെൽഹി എഫ് സിയെ നേരിട്ട കേരള യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു പരാജയം. 19ആം മിനുട്ടിൽ റിഷി ദത്ത് ആണ് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു സ്ക്രീമറിലൂടെ കേരള യുണൈറ്റഡിന് ലീഡ് നൽകിയത്. ആ ലീഡിൽ മികച്ച രീതിയിൽ കേരള യുണൈറ്റഡ് ആദ്യ പകുതി അവസാനിപ്പിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 47ആം മിനുട്ടിൽ ഒരു കോർണർ പ്രതിരോധിക്കാൻ കേരള യുണൈറ്റഡ് പരാജയപ്പെട്ടു. ഇത് മുതലെടുത്ത് അൻവർ അലി ഡെൽഹിക്ക് സമനില നൽകി. 69ആം മിനുട്ടിൽ വീണ്ടും ഡെൽഹി ഒരു സെറ്റ് പ്ലേയിൽ നിന്ന് കേരള യുണൈറ്റഡ് ഡിഫൻസിനെ വീഴ്ത്തി. ഹിമൻഷു ജാങ്ര ആണ് ഹെഡറിലൂടെ രണ്ടാം ഗോൾ നേടിയത്. കേരള യുണൈറ്റഡ് വഴങ്ങിയ രണ്ടു ഗോളിലും ഗോൾ കീപ്പറുടെ പിഴവും വ്യക്തമായിരുന്നു.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള യുണൈറ്റഡ് ഗ്രൂപ്പിൽ 3 പോയിന്റുനായി മൂന്നാം സ്ഥാനത്താണ്‌. ഇനി അവസാന മത്സരം വിജയിച്ചാലും അവർക്ക് പ്രതീക്ഷ ഇല്ല.