കേരളാ പോലീസ് ഇന്ന് ത്രിപുരയെ നേരിടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോളില്‍ ഇന്ന് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ കേരള പോലീസ് ത്രിപുര പോലീസിനെ നേരിടും. മലപ്പുറം കോട്ടപ്പടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. ശക്തരായ മഹാരാഷ്ട്രാ,സിക്കിം,ആസാം ടീമുകളില്‍ നിന്നും ഗ്രൂപ്പ് ഇ യിലെ ചാംപ്യന്മാരായാണ് അഞ്ച് തവണ ചാംപ്യന്മാരായ ടീം മത്സരത്തിനിറങ്ങുന്നത്.

അതേസമയം ഗ്രൂപ്പ് എഫില്‍ നിന്നും രണ്ടാം സ്ഥാനക്കാരാണെങ്കിലും കരുത്തില്‍ കുറവൊന്നും ത്രിപുരക്കില്ല. സിആര്‍പിഎഫിനോട് വന്‍ തോല്‍വി വാങ്ങിയെങ്കിലും മറ്റൊരു പട്ടാള ടീമായ ആര്‍പിഎഫിനേയും ചണ്ഡിഗഡിനെയും ജമ്മു കശ്മീരിനേയും തോല്‍പിച്ചാണ് നോക്കൗട്ടിനെത്തുന്നത്. അതു കൊണ്ടു തന്നെ ഇവരെ നിസ്സാരക്കാരായി കാണേണ്ടതില്ല. പ്രത്യേകിച്ചും 10-ാം നമ്പര്‍ താരം രവീന്ദ്രദേബ് ബര്‍മ. ഇയാള്‍ ചണ്ഡിഗഡുമായി നടന്ന നിര്‍ണായക മത്സരത്തില്‍ മുന്നു ഗോളുകളാണ് നേടിയത്.

അഞ്ചു തവണ ജേതാക്കളായ കേരള പോലീസ് തങ്ങളുടെ പ്രകടനം ഓരോ കളി കഴിയും തോറും പ്രകടനം മെച്ചപ്പെടുത്തുന്നുണ്ട്. ടീമിന്റെ നിലവാരത്തിനനുസരിച്ചാണ് പോലീസ് തങ്ങളുടെ തന്ത്രം പ്രയോഗിക്കുന്നത്. മുന്നേറ്റ നിരയില്‍ ജിംഷാദ്, ജിമ്മി, അഖില്‍ജിത്, അനീഷ്, കെ ഫിറോസ്, ഷനൂപ് ഹര്‍ഷിദ്, ക്യാപ്റ്റന്‍ രാംജിത് തുടങ്ങിയവരും ഗോള്‍കീപ്പര്‍ നിഷാദ്, പ്രതിരോധനിരയിലെ ഷാഫി, വിപിന്‍ തോമസ്, ശ്രീരാഗ്, സുജില്‍ എന്നിവരും ടീമില്‍ സ്ഥിരം നിലവാരം പുലര്‍ത്തുന്നുണ്ട്.

എന്നാൽ പന്ത് കൈമാറുന്നതില്‍ അനീഷ് കൂടുതല്‍ വേഗതയും കൃത്യതയും പുലര്‍ത്തേണ്ടതുണ്ട്. ഐ എം വിജയന്റെ അവസാനത്തെ വരവ് ടീമിന് പ്രതീക്ഷ നല്‍കും. എങ്കിലും കടുത്ത മത്സരത്തില്‍ ഇറങ്ങാന്‍ തയ്യാറാവില്ല.

ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തിന് വന്‍ കാണികളുടെ സാന്നിദ്ധ്യവും ടീമിന് മുതല്‍കൂട്ടാവും. നിലവാരമുള്ള കളിക്കൊപ്പം അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തിക്കുന്നതാവും ടീമിന്റെ തന്ത്രം. നാലു മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഒരാള്‍ ഫോം കുറയുമ്പോള്‍ അത് പരിഹരിക്കാന്‍ മറ്റുതാരങ്ങള്‍ ശ്രദ്ധിക്കുന്നുവെന്നതും അനുകൂലഘടകമാണ്.