സന്തോഷ് ട്രോഫി യോഗ്യത ഘട്ടത്തിൽ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിന് യോഗ്യത നേടി. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിസോറാമിനെയും തകർത്തതോടെയാണ് കേരളം ഗ്രൂപ്പിൽ ഒന്നാമത് എത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച അഞ്ചു മത്സരങ്ങളും കേരളം വിജയിച്ചു.
ഇന്ന് ആദ്യ പകുതിയിൽ 31ആം മിനുട്ടിൽ നരേഷിലൂടെയാണ് കേരളം ലീഡ് എടുത്തത്. ഗോൾ കീപ്പറുടെ അബദ്ധം മുതലാക്കി ഒരു ബാക്ക് ഫ്ലിക്കിലൂടെ ആയിരുന്നു നരേഷിന്റെ ഗോൾ. ആദ്യ പകുതി ഈ ഗോളിന്റെ ബലത്തിൽ കേരളം 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ കേരളം തുടക്കത്തിൽ തന്നെ നിജോ ഗിൽബേർട്ടിലൂടെ ലീഡ് ഇരട്ടിയാക്കി. മനോഹരമായ ഫീകിക്കിലൂടെ ആയിരുന്നു നിജോയുടെ ഫിനിഷ്.
64ആം മിനുട്ടിൽ നരേഷ് തന്റെ രണ്ടാം ഗോളും കേരളത്തിന്റെ മൂന്നാം ഗോളും നേടി. 79ആം മിനുട്ടിൽ ഗിഫ്റ്റിയിലൂടെ നാലാം ഗോളും വന്നു. ഇതോടെ കേരളം വിജയം ഏതാണ്ട് ഉറപ്പിച്ചു. 80ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് ഒരു ഗോൾ നേടി എങ്കിലും മിസോറാമിന് അത് ആശ്വാസ ഗോൾ മാത്രമായി മാറി. 86ആം മിനുട്ടിൽ വിശാഖ് മോഹനിലൂടെ അഞ്ചാം ഗോൾ നേടിക്കൊണ്ട് കേരളം വിജയം പൂർത്തിയാക്കി
അഞ്ചു മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് ആണ് കേരളം സ്വന്തമാക്കിയത്. ആന്ധ്രാപ്രദേശ്, ബീഹാർ, രാജസ്ഥാൻ, ജമ്മു കാശ്മീർ എന്നുവരെയും കേരളം ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തിയിരുന്നു. 12 പോയിന്റുമായി മിസോറാം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫൈനൽ റൗണ്ട് ഏപ്രിലിൽ ആകും നടക്കുക. സൗദി അറേബ്യ ആകും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടി ആതിഥ്യം വഹിക്കുക.