രാംകോ കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡിന് ആദ്യ പരാജയം. ഇന്ന് കെ എസ് ഇ ബി ആണ് കേരള യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് കെ എസ് ഇ ബി വിജയിച്ചത്. അവസാന അര മണിക്കൂറോളം 10 പേരുമായി കളിച്ചായിരുന്നു കെ എസ് ഇ ബിയുടെ വിജയം.
തുടക്കം മുതൽ കളി നിയന്ത്രിച്ച കെ എസ് ഇ ബി നാലാം മിനുട്ടിൽ തന്നെ ഇന്ന് മുന്നിൽ എത്തി. മൊഹമ്മദ് പാറക്കൊട്ടിൽ വിജയിച്ച പെനാൾട്ടി താരം തന്നെ സമ്മർദ്ദങ്ങളെ അതിജീവിച്ച് വലയിൽ എത്തിച്ചു. 21ആം മിനുട്ടിൽ മൗസൂഫിലൂടെ സമനില നേടാൻ കേരള യുണൈറ്റഡിനായി. പക്ഷെ സമനില അധികം നീണ്ടു നിന്നില്ല. 43ആം മിനുട്ടിൽ മൊഹമ്മദ് പറക്കൊട്ടിൽ വീണ്ടും കെ എസ് ഇ ബിയെ ലീഡിൽ എത്തിച്ചു. വലതു ഭാഗത്ത് നിന്ന് വന്ന ക്രോസിൽ നിന്ന് ഒരു ടാപിന്നിലൂടെ ആണ് പാറകൊട്ടിൽ രണ്ടാം ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു 25വാരെ അകലെ നിന്നുള്ള ഫ്രീകിക്കിൽ നിന്ന് ജിനേഷ് ഡൊമനിക് കെ എസ് ഇ ബിയുടെ മൂന്നാം ഗോളും നേടി. 54ആം മിനുട്ടിൽ ആണ് കെ എസ് ഇ ബിയുടെ ജോണാസ് ചുവപ്പ് കണ്ട് പുറത്തു പോയത്. പത്തുപേരായി ചുരുങ്ങി എങ്കിലും അതിലൊന്നും കെ എസ് ഇ ബി പതറിയില്ല. കെ എസ് ഇ ബിയുടെ ലീഗിലെ ആദ്യ വിജയമാണിത്.