ഫുട്ബോൾ തിരികെയെത്തി, കേരള പ്രീമിയർ ലീഗിന് ഇന്ന് കിക്കോഫ്

Img 20210226 130411
Credit: Twitter

കൊച്ചി: ഏഴാമത് രാംകോ കേരള പ്രീമിയർ ലീഗ് (കെ.പി.എൽ) ഫുട്ബോൾ ടൂർണമെൻ്റിന് ഇന്ന് തുടക്കമാവും. ഉച്ചക്കഴിഞ്ഞ് 3.30ന് മുൻ ഇന്ത്യൻ രാജ്യാന്തര താരം ഐ.എം വിജയൻ ആകും ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുക. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡൻ്റ് കെ.എം.ഐ മേത്തർ മുഖ്യാതിഥിയാവും. ഉദ്ഘാടന ചടങ്ങിൽ കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ടോം ജോസ് അധ്യക്ഷത വഹിക്കും. കെ.എഫ്.എ സെക്രട്ടറി പി. അനിൽകുമാർ നന്ദി പറയും.

കെ.പി.എൽ നടത്തിപ്പിനായി സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻ്റ് പി.വി ശ്രീനിജൻ ചെയർമാനും എസ്.എസ് നൗഷാദ് ജനറൽ കൺവീനറും വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായി സി.സി ജേക്കബ്, റീന ജോസഫ്, പി. പൗലോസ്, ദിനേശ് കമ്മത്ത്, കൺവീനർമാരായി എസ്. രാമചന്ദ്രൻ നായർ, കെ.കെ മുരളി, കെ. ഗോകുലൻ, വി.പി ചന്ദ്രൻ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവർത്തിക്കുന്നു.

മഹാരാജാസ് ഗ്രൗണ്ടിൽ 4.00 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ കോവളം എഫ്.സി യുണൈറ്റഡ് എഫ്.സിയെ നേരിടും. തൃശ്ശൂരിൽ രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തിൽ എഫ് സി കേരള ലുക സോക്കർ ക്ലബിനെയും നേരിടും.