കേരള പ്രീമിയർ ലീഗ് ഫൈനൽ നാളെ, രണ്ടാം കിരീടം തേടി കെ എസ് ഇ ബിയും ഗോകുലവും

Img 20210420 112852
- Advertisement -

കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനൽ നാളെ നടക്കും. ലീഗിൽ ഉടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച കെഎസ്ഇബിയും ഗോകുലം കേരള എഫ്‌സിയും ആണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. നാളെ വൈകിട്ട് 3.45ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് കിരീടപോരാട്ടം നടക്കുക. രണ്ട് ടീമുകളും മുമ്പ് ഒരോ തവണ വീതം കെ പി എൽ കിരീടം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം കിരീടം നേടി എസ് ബി ടിയുടെ ഏറ്റവും കൂടുതൽ കെ പി എൽ കിരീടം എന്ന റെക്കോർഡിന് ഒപ്പം എത്തുക ആകും ലക്ഷ്യം.

ഇന്നലെ നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഇരുടീമുകളും ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന ആദ്യസെമിയില്‍ ബോസ്‌കോ ഒതുക്കുങ്ങലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നാണ് കെഎസ്ഇബി തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3-3ന് സമനില പാലിച്ചതിനെ തുടര്‍ന്നായിരുന്നു ടൈബ്രേക്കറില്‍ വിജയികളെ നിശ്ചയിച്ചത്.

ഗോകുലം കേരള എഫ്‌സിയും കേരള യുണൈറ്റഡ് എഫ്‌സിയും തമ്മില്‍ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ കളിയുടെ മുഴുവന്‍ സമയത്തും ഗോളടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞിരുന്നില്ല. ഷൂട്ടൗട്ടിൽ 4-2ന് ആണ് ഗോകുലം വിജയമുറപ്പിച്ചത്. ഗോകുലം കേരളക്ക് ഇത് തുടർച്ചയായ നാലാം കേരള പ്രീമിയർ ലീഗ് ഫൈനലാണ്. രണ്ട് തവണ ഫൈനലിൽ പരാജയപ്പെട്ട ഗോകുലത്തിന് ഇനിയും ഒരു ഫൈനൽ പരാജയം താങ്ങാൻ ആകില്ല.

Advertisement